Connect with us

Editorial

വേണമെങ്കില്‍ ചക്ക...

Published

|

Last Updated

സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ എംപ്ലോയീസ് അസോസിയേഷന്‍ ആരംഭിച്ച സേവ് കെ എസ് ആര്‍ ടി സി ക്യാമ്പയിന്‍ പ്രതീക്ഷയില്‍ കവിഞ്ഞ ഫലമാണുളവാക്കിയത്. സാധാരണയില്‍ നാല് കോടിക്കും അഞ്ച് കോടിക്കും ഇടയിലായിരുന്ന കോര്‍പറേഷന്റെ വരുമാനം ക്യാമ്പയിന് തുടക്കമിട്ട തിങ്കളാഴ്ച 6.36 കോടി രൂപയായി ഉയര്‍ന്നു. ഇതൊരു റെക്കാര്‍ഡാണ്. ഇതിന് മുമ്പ് സ്ഥാപനത്തിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ കഴിഞ്ഞ ഉത്രാടം ദിനത്തില്‍ പോലും ലഭിച്ചത് 6.14 കോടിയായിരുന്നു.
വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയാതെ വരികയും സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ സേവ് കെ എസ് ആര്‍ ടി സി ക്യാമ്പയിന്‍ ആസൂത്രണം ചെയ്തത്. സ്വകാര്യ ബസുകളുടെ മാതൃക പിന്തുടര്‍ന്നു ഡ്രൈവറും കണ്ടക്ടറും ആളെ വിളിച്ചു കയറ്റുക, െ്രെഡവറും കണ്ടക്ടറും ഇല്ലാത്തത് മൂലം സര്‍വീസ് മുടങ്ങുന്ന സ്ഥിതിവിശേഷം ഒഴിവാക്കുക, യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്‌റ്റോപ്പുകളില്‍ സൗഹൃദപൂര്‍വം കൃത്യമായി ഇറക്കിക്കൊടുക്കുക, നിര്‍ദ്ദിഷ്ട സ്‌റ്റോപ്പുകളില്‍ മാത്രമേ ബസ് നിറുത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയുള്ളൂ എന്ന പിടിവാശി ഉപേക്ഷിക്കുക തുടങ്ങി മാതൃകാപരമായ സമീപനവും പെരുമാറ്റവും വഴി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ക്യാമ്പയിന്‍ കൊണ്ടു ലക്ഷ്യമിടുന്നത്. അസോസിയേഷനില്‍ അംഗമായ െ്രെഡവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പുറമെ ഇതര ജീവനക്കാരേയും സഹകരിപ്പിച്ചുകൊണ്ടാണ് ക്യാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കട്ടപ്പുറത്ത് കിടക്കുകയായിരുന്ന 300 ഓളംബസുകള്‍ ജീവനക്കാര്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി നിരത്തിലിറക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളായി കെ എസ് ആര്‍ ടി സി സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും അടുത്ത കാലത്തായി അത് കൂടുതല്‍ രൂക്ഷമാണ്. സര്‍ക്കാര്‍ ഇടക്കിടെ നല്‍കുന്ന സഹായം കൊണ്ടാണ് സ്ഥാപനം ജീവന്‍ നിലനിര്‍ത്തുന്നത്. സ്വയം പര്യാപ്തത കൈവരിച്ചു സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് മികച്ച സേവനം കാഴ്ച വെക്കേണ്ട ഒരു സ്ഥാപനം എത്രകാലമാണ് സര്‍ക്കാര്‍ സഹായത്തെ മാത്രം ആശ്രയിച്ചു കഴിയുക? ഭരണ രംഗത്തെ കെടുകാര്യസ്ഥതയോടൊപ്പം തൊഴിലാളികളുടെ ഉദാസീനതയും ആത്മാര്‍ഥതക്കുറവുമാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം. “കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി” എന്ന മനോഭാവമാണ് സ്ഥാപനത്തിലെ തലപ്പത്തിരിക്കുന്നവര്‍ക്കും തൊഴിലാളികളില്‍ നല്ലൊരു വിഭാഗത്തിനുമുള്ളത്. ഇതുമൂലം സമയം പാലിക്കാതെയുള്ള സര്‍വീസും, ട്രിപ്പുകള്‍ മുടങ്ങലും സാധാരണമാണ്. സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരെ അവഗണിച്ചു നിര്‍ത്താതെ പോകുക, കൃത്യസ്ഥലത്ത് ഇറക്കാതിരിക്കുക തുടങ്ങി യാത്രക്കാരെ വെറുപ്പിക്കുന്ന സമീപനവും കണ്ടുവരാറുണ്ട്.
സ്ഥാപനം നേരിടുന്ന പ്രതിസന്ധിയില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്ന യൂനിയന്‍ നേതാക്കളാണെങ്കില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങി സ്ഥാപനത്തെ മുടിപ്പിക്കുന്നതില്‍ മിടുക്കന്മാരുമാണ്. ട്രേഡ് യൂനിയനുകളുടെ സ്വാധീനം ഉപയോഗിച്ചു ജോലി ചെയ്യാതെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ജീവനക്കാരാണ് കെ എസ് ആര്‍ ടി സിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളി വിടുന്നതിലെ പ്രധാന ഘടകമെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇത്തരം ജീവനക്കാരുടെ എണ്ണം ഏകദേശം 4500 ത്തോളം വരുമെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തട്ടിപ്പിനെതിരെ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുകയോ, റജിസ്റ്ററില്‍ ഒപ്പിട്ടു മുങ്ങി നടക്കുന്ന ജീവനക്കാരോട് പണി ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ സംഘടനാ ബലമുപയോഗിച്ച് അത് പരാജയപ്പെടുത്തുകയും ചെയ്യും. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി മിന്നല്‍ സമരം, ഘെരാവോ, മുദ്രാവാക്യം വിളി, പണിമുടക്ക് എന്നിവ നിരോധിച്ച് മാനേജിംഗ് ഡയറക്ടര്‍ ഇതിനിടെ ഉത്തരവിറക്കുകയും വെറുതെയിരുന്നു ശമ്പളം വാങ്ങുന്നുവെന്ന് പൊതുവേ ആക്ഷേപമുള്ള ഇന്‍സ്‌പെക്ടര്‍മാരെ പണിയെടുപ്പിക്കാന്‍ ശ്രമമാരംഭിക്കുകയും ചെയ്തപ്പോള്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ചു കൊണ്ടാണ് ഒരു തൊഴിലാളി സംഘടന അതിനെ നേരിട്ടത്. സ്ഥാപനത്തെ നന്നാക്കിയെടുക്കാന്‍ മാനേജ്‌മെന്റ് നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കുന്നതിന് പകരം സംഘടനാ ബലത്തിന്റെ മുഷ്‌കില്‍ അതിനെ നേരിടുന്ന സംഘടനകളും നേതാക്കളും ഉള്ളിടത്തോളം കാലം എങ്ങനെയാണ് ഈ സ്ഥാപനം രക്ഷപ്പെടുക! ഇത്തരക്കാര്‍ക്കൊരു മാതൃകയാണ് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ ആവിഷ്‌കരിച്ച ക്യാമ്പയിനും അതുമായി സഹകരിക്കുന്ന തൊഴിലാളികളും. ഈ സംരംഭം ആത്മാര്‍ഥതയോടെ മുന്നോട്ട് കൊണ്ടു പോകുന്നതോടൊപ്പം ഉഴപ്പന്മാരായ യൂനിയന്‍ നേതാക്കളേയും തൊഴിലാളികളേയും നിലയ്ക്ക് നിര്‍ത്താനുള്ള ആര്‍ജവം കൂടി അസോസിയേഷന്‍ പ്രകടിപ്പിച്ചാല്‍ സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനും ലാഭകരമാക്കാനും സാധിക്കുമെന്നതില്‍ രണ്ട് പക്ഷമുണ്ടാകില്ല.