Connect with us

Gulf

ഇത്തിഹാദ് 20 യാത്രകള്‍ റദ്ദ് ചെയ്തു; മൂടല്‍മഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

Published

|

Last Updated

അബുദാബി: കഴിഞ്ഞ രണ്ടാഴ്ചയായി അബുദാബിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മൂടല്‍മഞ്ഞ് കാരണം രാജ്യത്തെ പല റോഡുകളിലും ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്നുണ്ട്.

അതിനിടെ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് താറുമാറായ വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ സാധാരണ നിലയിലാകുമെന്ന് അബുദാബി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.
മൂടല്‍മഞ്ഞ് കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തിഹാദിന്റെ ചില യാത്രകള്‍ പൂര്‍ണമായി റദ്ദ് ചെയ്തിരുന്നു. ചിലത് വളരെ വൈകുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
20 യാത്രകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തിഹാദ് റദ്ദ് ചെയ്തതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. യാത്ര മുടങ്ങുന്നതിനാലോ വൈകുന്നതിനാലോ അനിശ്ചിതത്വത്തിലാകുന്ന യാത്രക്കാരെ താമസിപ്പിക്കാന്‍ അബുദാബിയിലെ വിവിധ ഹോട്ടലുകളില്‍ 2,000 മുറികള്‍ ഇത്തിഹാദ് ബുക്കു ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
നൂറ് മീറ്റര്‍ അകലം പോലും കാണാന്‍ സാധിക്കാത്ത മൂടല്‍മഞ്ഞുള്ളതിനാല്‍ വിമാനത്താവളം ശനിയാഴ്ച ഒരു മണിക്കൂറോളം അടച്ചിടേണ്ടി വന്നു. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് ചാര്‍ജ് മടക്കിനല്‍കുമെന്ന് ഇത്തിഹാദ് വിമാനധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മൂടല്‍മഞ്ഞ് കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെയുണ്ടായ വാഹനാപകങ്ങളില്‍ രണ്ടുപേര്‍ മരിക്കുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തയായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാഴ്ച മങ്ങിയതാണ് അപകടങ്ങള്‍ക്ക് കാരണമായി മന്ത്രാലയം വ്യക്തമാക്കുന്നത്.
ആവര്‍ത്തിച്ചുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പലരും അത് അവഗണിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest