Connect with us

Gulf

ഐ എസ് സി തിരഞ്ഞെടുപ്പ് ഫെബ്രു. 26ന്; ഒരുക്കങ്ങള്‍ തുടങ്ങി

Published

|

Last Updated

അബുദാബി; ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. തിരഞ്ഞെടുപ്പ് ഫെബ്രുവരി 26നാണ് നടക്കുക. ജനുവരി 31, ഫെബ്രുവരി ഒന്ന് തിയ്യതികളിലാണ് നോമിനേഷന്‍ നല്‍കേണ്ടത്. 13 സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. യു എ ഇയില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളിലൊന്നാണ് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍. നിലവിലുള്ള കമ്മിറ്റിയിലെ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പടെ പലരും മത്സര രംഗത്തില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് മത്സര രംഗത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. ഒരാള്‍ രണ്ട് പ്രാവശ്യം പ്രസിഡന്റായയാളും മറ്റൊരാള്‍ ഒരു പ്രാവശ്യം പ്രസിഡന്റായ വ്യക്തിയുമാണ്. രണ്ട് പേരും അണിയറയില്‍ പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചതായി അറിയുന്നു. പ്രവര്‍ത്തന കാലയളവില്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തിയാണ് പ്രചരണം നടത്തുന്നത്.
നോമിനേഷന്‍ സൂക്ഷ്മ പരിശോധന നടത്തുന്ന ഫെബ്രുവരി നാലിന് മാത്രമേ മത്സരാര്‍ഥികളുടെ പൂര്‍ണ ചിത്രം വ്യക്തമാവുകയുള്ളു. സെക്രട്ടറി സ്ഥാനത്തേക്കും രണ്ട് പേരാണ് മത്സര രംഗത്തുള്ളത്. ഒരാള്‍ മുന്‍ സെക്രട്ടറിയാണെങ്കില്‍ മറ്റൊരാള്‍ നിലവിലെ സ്‌പോര്‍ട്‌സ് സെക്രട്ടറിയാണ്. ട്രഷറര്‍ സ്ഥാനത്തേക്ക് നിലവിലെ ട്രഷററും അസിസ്റ്റന്റ് ട്രഷററുമാണ് മത്സര രംഗത്തുള്ളത്. ഇവരും പ്രചാരണം ആരംഭിച്ചു. 13 സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം 23 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നതെങ്കില്‍ ഈ പ്രാവശ്യം കുറഞ്ഞത് 25 പേരെങ്കിലും ഉണ്ടായിരിക്കും.
ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷം മെമ്പറായവര്‍ക്കാണ് മത്സരിക്കാന്‍ അവസരമുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ മൂന്ന് മാസം മുമ്പെങ്കിലും മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശം.
നിലവില്‍ 2,350 മെമ്പര്‍മാരാണ് ഐ എസ് സിയിലുള്ളത്. ഇതില്‍ ആയിരത്തോളംപേര്‍ കഴിഞ്ഞ വര്‍ഷം വോട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ഇതിലും കൂടുതല്‍ മെമ്പര്‍മാരുള്ളത് കൊണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതിനാലും വോട്ടിംഗ് നില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഓഡിറ്റര്‍ സുരേന്ദ്രനാഥാണ് പ്രിസൈഡിംഗ് ഓഫീസര്‍. യു എ ഇ സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest