Connect with us

Gulf

നഗരത്തിന്റെ പുറം റോഡുകളില്‍ പട്രോളിംഗ് ശക്തമാക്കണമെന്ന് പോലീസ് മേധാവി

Published

|

Last Updated

ദുബൈ: നഗരത്തിന്റെ പുറം റോഡുകളില്‍ പട്രോളിംഗ് ശക്തമാക്കാന്‍ ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന ഉത്തരവിട്ടു. ദുബൈ പോലീസിനു കീഴിലുള്ള ട്രാഫിക് വിഭാഗത്തിന്റെ ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുസീന ഉത്തരവിട്ടത്.
ദുബൈയുടെ പരിധിയില്‍ ഏറ്റവും അമിത വേഗത കണ്ടെത്തുന്ന പ്രദേശങ്ങളെ കണക്കെടുക്കാനും പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാനും ബന്ധപ്പെട്ടവരോട് അല്‍ മുസീന ആവശ്യപ്പെട്ടു. റോഡ് അപകട വിഭാഗത്തില്‍ സന്ദര്‍ശനം നടത്തിയ പോലീസ് മേധാവി കഴിഞ്ഞ വര്‍ഷം നടന്ന അപകടങ്ങളെ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം 2,588 അപകടങ്ങളിലായി 159 ജീവനുകളാണ് പൊലിഞ്ഞത്. 179 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 2013നെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തില്‍ 100 എണ്ണത്തിന്റെ കുറവുണ്ടെങ്കിലും മരണ സംഖ്യയില്‍ 12ന്റെ വര്‍ധനവുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപകട നിരക്കുകളുടെ അടിസ്ഥാനത്തില്‍ എമിറേറ്റിലെ ഏറ്റവും അപകടകരമായ റോഡുകള്‍ അഞ്ചെണ്ണമാണെന്ന് പോലീസ് മേധാവി വിലയിരുത്തി. എമിറേറ്റ്‌സ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ്, ദുബൈ-അല്‍ ഐന്‍ റോഡ് എന്നിവയാണ് അപകടകാരികളായ ദുബൈയിലെ റോഡുകള്‍. ദുബൈ പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ച അല്‍ മുസീനയെ ഓപ്പറേഷന്‍സ് തലവന്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍, റസ്‌ക്യു വിഭാഗം തലവന്‍ അനസ് അല്‍ മത്‌റൂശി തുടങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥരും അനുഗമിച്ചു.

---- facebook comment plugin here -----

Latest