Connect with us

Gulf

അഞ്ച് കിലോമീറ്റര്‍ സ്വര്‍ണമാലയൊരുക്കി ദുബൈ ഗിന്നസില്‍

Published

|

Last Updated

ദുബൈ: ദുബൈക്ക് മറ്റൊരു ഗിന്നസ് റിക്കോര്‍ഡു കൂടി സ്വന്തം. ദുബൈ ഷോപ്പിംഗ് മഹോത്സവത്തിന്റെ 20-ാം വാര്‍ഷികം ചരിത്ര സംഭവമാക്കുന്നതിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ അധികൃതരുമായി സഹകരിച്ച് അഞ്ച് കിലോമീറ്ററിലധികം നീളമുള്ള സ്വര്‍ണമാല നിര്‍മിച്ചാണ് വീണ്ടും ദുബൈ ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചത്.
ഇന്നലെ വൈകീട്ട് ദുബൈ ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷന് പരിസരത്ത് സ്വര്‍ണമാല, ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
5.522 കിലോമീറ്റര്‍ നീളമുള്ള മാലയാണ് പണി കഴിച്ചത്. പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചതായിരുന്നു ഇത്. ദുബൈ സെലിബ്രേഷന്‍ ചെയിന്‍ എന്ന് നാമകരണം ചെയ്ത മാല നിര്‍മിച്ചത് 45 ദിവസം പത്ത് മണിക്കൂര്‍ വീതം നൂറ് സ്വര്‍ണ പ്പണിക്കാര്‍ ജോലി ചെയ്താണ്. നൂറ് കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച സ്വര്‍ണത്തിന് 256 കിലോ ഭാരമുണ്ട്. 40 ലക്ഷം കണ്ണികളാണ് മാലയിലുള്ളത്.
ദുബൈയുടെ പ്രതിഛായ ലോകതലത്തില്‍ ഉയര്‍ത്തുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ദുബൈ സെലിബ്രേഷന്‍ ചെയിന്‍ നിര്‍മിച്ചതെന്ന് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സി ഇ ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവിസ്മരണീയമാക്കുന്നതിന് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് മികച്ച സഹായമാണ് നല്‍കുന്നത്.