Connect with us

National

സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതെന്ന് ഡല്‍ഹി പൊലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. കൊലപാതകത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുനന്ദയുടെത് അസ്വാഭാവിക മരണമാണെന്നും വിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്നും വ്യക്തമായ സാഹചര്യത്തിലാണ് കൊലപാതകത്തിന് കേസ് എടുത്തത്. മെഡിക്കല്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്ന് അന്തിമ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതായും അസ്വാഭാവിക മരണമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഡല്‍ഹി പോലീസ് മേധാവി ബി എസ് ബസ്സി പറഞ്ഞു. ഡിസംബര്‍ 29നാണ് എയിംസ് അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറിയത്. വിഷം കുത്തിവെച്ചതാണോ വായയിലൂടെ നല്‍കിയതാണോ എന്ന കാര്യം അന്വേഷണത്തിനു ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുനന്ദയുടെ ഹൃദയം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനിടയാക്കിയത് എന്ത് വിഷമാണെന്നോ അതിന്റെ രാസനാമം എന്തെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ചില വിഷങ്ങള്‍ വിശകലനം ചെയ്യാന്‍ ഇന്ത്യന്‍ ലാബുകളില്‍ സൗകര്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
താലിയം, പൊളോനിയം-210, നെരിയം ഒലേന്തര്‍, പാമ്പ് വിഷം, ഹെറോയിന്‍ തുടങ്ങിയ ഏതെങ്കിലും വിഷമാകാം മരണത്തിനിടയാക്കിയത്. വിഷം തിരിച്ചറിയാനായി വിദേശ ലാബുകളുടെ സഹായം തേടും. സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ച് മുറിവുകള്‍ കാണപ്പെട്ടതില്‍ പത്താമത്തേതായി രേഖപ്പെടുത്തിയത് സിറിഞ്ചിന്റെ സൂചി കൊണ്ടേറ്റ ചെറിയ മുറിവാണെന്നാണ് സൂചന. ഹോട്ടല്‍ മുറിയില്‍ സുനന്ദയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് അല്‍പ്രാക്‌സ് എന്ന ഗുളികയുടെ രണ്ട് സ്ട്രിപ്പുകള്‍ കണ്ടെടുത്തിരുന്നുവെങ്കിലും രാസപരിശോധനയില്‍ അതിന്റെ അംശമൊന്നും സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. വിഷാദ രോഗികള്‍ക്ക് നല്‍കുന്നതാണ് ഈ ഗുളിക.
ആരുടെയും പേര് ഉള്‍പ്പെടുത്താതെയാണ് ഡല്‍ഹിയിലെ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി സി പി (സൗത്ത്) പ്രേംനാഥ്, അഡീഷനല്‍ ഡി സി പി (സൗത്ത്) കുഷ്വാഹ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
നേരത്തെ അസ്വാഭാവിക മരണത്തിന് സി ആര്‍ പി സി 174 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മരുന്നുകളുടെ അമിതോപയോഗമാണ് മരണകാരണമെന്നാണ് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പിന്നീട് ജൂലൈയില്‍ വന്ന റിപ്പോര്‍ട്ടിലാണ് മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനക്ക് നേതൃത്വം നല്‍കിയ സുധീര്‍ കുമാര്‍ ഗുപ്ത ആരോപിച്ചിരുന്നു. ഇത് പിന്നീട് എയിംസ് അധികൃതര്‍ നിഷേധിക്കുകയും ചെയ്തു.
എം പി ശശി തരൂരിനെ കേസില്‍ ഡല്‍ഹി പോലീസ് ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ വര്‍ഷം ജനുവരി പതിനേഴിന് ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂര്‍ തന്നെയാണ് ഭാര്യ സുനന്ദ മരിച്ചുകിടക്കുന്നതായി കണ്ടത്.