Connect with us

Kozhikode

ചുങ്കത്ത് ഒന്നര വര്‍ഷത്തോളമായി അനധികൃത അക്ഷയ കേന്ദ്രം

Published

|

Last Updated

താമരശ്ശേരി: ഒന്നര വര്‍ഷത്തോളമായി താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്നത് അനധികൃത അക്ഷയകേന്ദ്രം. ആധാര്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം അധികൃതരുടെ മൗനാനുവാദത്തോടെ അക്ഷയ കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
അക്ഷയ സെന്റര്‍ ചുങ്കം എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിക്കുകയും അക്ഷയ കേന്ദ്രത്തില്‍ ലഭ്യമാക്കേണ്ട എല്ലാ സേവനങ്ങളും ഇവിടെനിന്ന് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. താരമശ്ശേരി അക്ഷയ കേന്ദ്രത്തിന്റെ യൂസര്‍ ഐഡി ഉപയോഗിച്ചാണ് വ്യാജകേന്ദ്രത്തില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിനുള്ള ചാര്‍ജാകട്ടെ സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെയും ഇരട്ടിയും.
ആം ആദ്മി ബീമാ യോജന പദ്ധതിപ്രകാരം ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന് സര്‍ക്കാര്‍ നിശ്ചയിച്ചത് 16 രൂപയാണ്. എന്നാല്‍ താമരശ്ശേരി ചുങ്കത്തെ കേന്ദ്രത്തില്‍ 30 രൂപയാണ് ഈടാക്കുന്നത്. മറ്റു അക്ഷയകേന്ദ്രങ്ങള്‍ക്ക് പരിധിയിലെ ആളുകളെ ഫോണില്‍ വിളിച്ച് താമരശ്ശേരി ചുങ്കത്തെ അക്ഷയകേന്ദ്രത്തില്‍ നിന്ന് മാത്രമേ ആം ആദ്മി ബീമാ യോജന പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനാകൂ എന്നും അറിയിക്കുന്നു. രശീത് ആവശ്യപ്പെട്ടയാളോട് 20 രൂപ മതിയെന്ന് പറയുകയും 20 രൂപയുടെ രശീത് നല്‍കുകയുമാണ് ഇവരുടെ പതിവ്. അക്ഷയകേന്ദ്രം ചുങ്കം എന്ന പേരിലാണ് രശീതില്‍ സീല്‍ ചെയ്തിരിക്കുന്നത്.
ചുങ്കത്തെ അക്ഷയകേന്ദ്രത്തിന് രജിസ്‌ട്രേഷനുണ്ടെന്ന് പറഞ്ഞ ജീവനക്കാര്‍ പിന്നീട് പറഞ്ഞത് താമരശ്ശേരി അക്ഷയകേന്ദ്രത്തിന്റെ യൂസര്‍ ഐഡി ഉപയോഗിച്ചാണ് ഇവിടെ സേവനങ്ങള്‍ നല്‍കുന്നതെന്നായിരുന്നു. താമരശ്ശേരി പഞ്ചായത്തില്‍ രണ്ടാമത്തെ അക്ഷയകേന്ദ്രം തച്ചംപൊയിലില്‍ ആരംഭിക്കാന്‍ വര്‍ഷങ്ങളായി ശ്രമം നടക്കുന്നുണ്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഔദ്യോഗികമായി തുടങ്ങാന്‍ തന്നെ അംഗീകാരം നല്‍കാത്തപ്പോഴാണ് അനധികൃതമായി ഒന്നര വര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ചുങ്കത്ത് ഒന്നര വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന അനധികൃത അക്ഷയ കേന്ദ്രം സംബന്ധിച്ച് അറിയില്ലെന്നാണ് അക്ഷയ പ്രൊജക്ട് ഓഫീസില്‍ നിന്നുള്ള വിശദീകരണം.