Connect with us

Kozhikode

കാലിക്കറ്റ് കോ- ഓപ് അര്‍ബന്‍ ബേങ്ക് ശതാബ്ദി ആഘോഷിക്കുന്നു

Published

|

Last Updated

കോഴിക്കോട്: സഹകരണ ബേങ്കിംഗ് മേഖലയില്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ കാലിക്കറ്റ് കോ- ഓപറേറ്റീവ് അര്‍ബന്‍ ബേങ്ക് ശതാബ്ദി ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് കല്ലായ് റോഡിലെ ബേങ്ക് ഹെഡ് ഓഫീസ് പരിസരത്ത് എം ടി വാസുദേവന്‍ നായര്‍ നിര്‍വഹിക്കും. എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ എ കെ പ്രേമജം, എം കെ രാഘവന്‍ എം പി, എം എല്‍ എ മാരായ എളമരം കരീം, എ കെ ശശീന്ദ്രന്‍, സി മോയിന്‍കുട്ടി, പി ടി എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല സംബന്ധിക്കും. തുടര്‍ന്ന് ഗാനസന്ധ്യയും അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1915 ജൂണ്‍ ആറിന് 147 മെമ്പര്‍മാരുമായി 1075 രൂപ ഓഹരി മൂലധനത്തോടെ കോര്‍ട്ട് റോഡിലെ വാടക കെട്ടിടത്തിലാണ് ബേങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. 1956 ല്‍ കല്ലായ് റോഡിലെ 70 സെന്റ് സ്ഥലവും കെട്ടിടവും വാങ്ങി അതിലേക്ക് പ്രവര്‍ത്തനം മാറ്റി. ആസ്ഥാനത്തിന് പുറമെ 12 ശാഖകള്‍ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബേങ്കിനുണ്ട്.
എഴുപത്തി അയ്യായിരത്തില്‍ പരം അംഗങ്ങളും പത്ത് കോടി ഓഹരി മൂലധനവും 37 കോടി കരുതല്‍ മൂലധനവും 175 കോടി ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും നിശ്ചിത ബേങ്കുകളിലും 340 കോടി പൊതുജനങ്ങളുടെ നിക്ഷേപങ്ങളും 220 കോടി വായ്പയും ബാക്കി നില്‍പുണ്ട്. 2013-14 ഓഡിറ്റ് പ്രകാരം ബേങ്കിന്റെ ലാഭം 3.09 കോടി രൂപയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ, ബേങ്ക് പ്രസിഡന്റ് എ ടി അബ്ദുല്ലക്കോയ, വി എസ് ഗോപകുമാര്‍, ടി ദാസന്‍, കെ ചന്ദ്രഹാസ ഷെട്ടി, പി ടി ആസാദ്, പി ആര്‍ സുനില്‍ സിംഗ്, അഡ്വ. എം രാജന്‍, പി രാഗേഷ് സംബന്ധിച്ചു.