Connect with us

Malappuram

മുള്ള്യാകുര്‍ശ്ശിയില്‍ വീണ്ടും പുലി

Published

|

Last Updated

പെരിന്തല്‍മണ്ണ: കഴിഞ്ഞ വെള്ളിയാഴ്ച പട്ടിക്കാടിനടുത്തുള്ള മുള്ള്യാകുര്‍ശ്ശിയില്‍ പശുവിനെ കടിച്ചുകൊന്ന പുലിയുടെ ചിത്രം വനം വകുപ്പധികൃതര്‍ വെച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞു.
ചിത്രങ്ങള്‍ ഇ മെയില്‍ വഴി തിരുവനന്തപുരം ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് അയച്ചുകൊടുത്തു. ഏകദേശം മൂന്ന് വയസ് പ്രായം തോന്നിക്കുന്നതും നല്ല ഉയരമുള്ള പുള്ളിപ്പുലിയുടെ രണ്ട് ചിത്രങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് കാളികാവ് റെയ്ഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ എന്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ചിത്രം പതിഞ്ഞതായി കണ്ടത്.
പുലിയുടെ നീക്കം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച തന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പുലിയുടെ ദൃശ്യം ലഭ്യമായില്ല. ശനിയാഴ്ച രാത്രിയില്‍ പുലി കടിച്ചുകൊന്നിരുന്ന പശുക്കുട്ടിയുടെ ജഡം ഭക്ഷിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. മാത്രമല്ല ജഡം കിടന്നിരുന്ന ഭാഗത്ത് നിന്നും കുറച്ച് ദൂരത്തേക്ക് വലിച്ചിഴച്ചിട്ടുമുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ പുലി തന്നെയാണ് എന്നുറപ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് മാട്ടുമ്മതൊടി ശബീര്‍ അഹമ്മദിന്റെ പശുക്കുട്ടിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നത്. പുലിയുടെ സാന്നിധ്യം ഉറപ്പിച്ച മുതല്‍ പ്രദേശത്ത് വനപാലകര്‍ ക്യാമ്പ് ചെയ്ത് വരുന്നുണ്ട്. പുലിയുടെ ദൃശ്യങ്ങള്‍ കൂടി ക്യാമറയില്‍ പതിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ മുള്ള്യാകുര്‍ശ്ശിയിലെയും പരിസര പ്രദേശങ്ങളിലെയും പൊതുജനങ്ങള്‍ ഭീതിയിലാണ്.
ജനങ്ങള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നത് കുറക്കണമെന്നും വളരെ ജാഗ്രതയോടെ കഴിയണമെന്നും ഫോറസ്റ്റധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റബര്‍ ടാപ്പിംഗ് തൊഴിലാളികളും തോട്ടം തൊഴിലാളികളും ജോലിക്ക് പോകാന്‍ തന്നെ ഭയപ്പെടുകയാണ്. പുലിയെ പിടിക്കാനുള്ള കെണി ഇന്നലെ തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വനപാലകരും നാട്ടുകാരും. കാളികാവ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എന്‍ സുരേന്ദ്രന്‍, വനം വകുപ്പ് ഉദ്യോഗസ്ഥരായ പി മനോഹരന്‍, എം സന്തോഷ്‌കുമാര്‍, എ സതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പുലിയുടെ ഭീതിയില്‍ കഴിയുന്ന സ്ഥലവാസികള്‍ക്ക് സ്ഥലം എം എല്‍ എ അഡ്വ. എം ഉമ്മര്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. പുലിയെ പിടികൂടാനുള്ള കെണിയൊരുക്കാന്‍ കഴിയുന്നതും വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രിക്കും മറ്റും നിവേദനം നല്‍കിയിട്ടുണ്ട്.
കെണി വെക്കണോ വേണ്ടയോ എന്നത് തീരുമാനമെടുക്കേണ്ടത് തിരുവനന്തപുരം ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസില്‍ നിന്നായതുകൊണ്ട് അവിടെ നിന്നുള്ള വിവരങ്ങള്‍ക്കനുസരിച്ചാകും പുലിയെ പിടികൂടാനുള്ള തീരുമാനം എടുക്കുകയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Latest