Connect with us

Wayanad

കലാമാമാങ്ക വേദികള്‍ ഉണര്‍ന്നു

Published

|

Last Updated

വെള്ളമുണ്ട: കൗമാരകലകള്‍ പീലിവിടര്‍ത്തി നൃത്തവേദികളില്‍ നടനചാരുതയുടെ വിസ്മയക്കാഴ്ച്ചകളൊരുക്കി വയനാടിന്റെ കലാമാമാങ്കത്തിന് വെള്ളമുണ്ടയില്‍ തിരശ്ശീല ഉയര്‍ന്നു. ജില്ലയിലെ മൂന്ന് ഉപജില്ലകളില്‍ നിന്നുമായി 1200 ഓളം കലാപ്രതിഭകള്‍ കൈയ്യും മെയ്യും മറന്ന് താള വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് അദ്യപകലിനെ അവിസ്മരണീയമാക്കി. രാവിലെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോസ് പതാക ഉയര്‍ത്തിയതോടെയാണ് ആറുവേദികളില്‍ കലാമത്സരങ്ങള്‍ക്ക് തുടക്കമായത്. സാംസ്‌കാരിക പൈതൃകത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുവെന്നും കാലഹരണപ്പെടുന്ന കലാരൂപങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുവതലമുറക്ക് കലോത്സവ വേദിയിലൂടെ സാധ്യമാകുന്നുവെന്നും മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളും സ്‌കൗട്ടസ് ്&ഗെയ്ഡ്‌സ്, എസ്.പി.സി, ജെ.ആര്‍.സി വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്നു. അഞ്ചിന് രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ മേരിജോസ് പതാക ഉയര്‍ത്തിയതോടെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി. പ്രധാനവേദിയായ ചൈത്രത്തില്‍ ഭരതനാട്യം, കഥകളി, കുച്ചുപുടി എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്. രണ്ടാമത്തെ വേദിയില്‍ മോണോ ആക്ട്, മിമിക്രി, നാടകം എന്നിവയും നടന്നു. മൂന്നാമത്തെ വേദിയില്‍ ചെണ്ട, പഞ്ചവാദ്യം, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ അരങ്ങേറി. സമയബന്ധിതമായി കലാമത്സരങ്ങള്‍ നടത്താനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ക്ക് വിജയം കാണുന്നുണ്ട്. മിക്ക വേദികളിലും മത്സരങ്ങള്‍ നീണ്ടതാമസം കൂടാതെ തന്നെ നടന്നു. വേദി ആറ് നേരത്തെ നിശ്ചയിച്ചിച്ച സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നതുമാത്രമാണ് ആദ്യ ദിവസമുണ്ടായ അസ്വാരസ്യം. നേരത്തെ വെള്ളമുണ്ട എട്ടേനാലിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഈ വേദിക്കായി കണ്ടെത്തിയത്. അവസാന നിമിഷം എ യു.പി സ്‌കൂളിലെ കമ്പ്യൂട്ടര്‍ റൂമിലേക്ക് വേദി മാറ്റുകയായിരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ മുറിയില്‍ നടത്തിയ വാദ്യോപകരണ ഇനങ്ങളിലെ മത്സരങ്ങള്‍ വിദ്യാര്‍ഥികളെ ഏറെ ദുരിതത്തിലാക്കി. ജനപ്രിയ ഇനമായ മിമിക്രി, ഭരതനാട്യം തുടങ്ങിയ ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നതെങ്കിലും വേണ്ടത്ര കാണികളുടെ അഭാവം നിഴലിച്ചുനിന്നു.

Latest