Connect with us

Wayanad

നാഷനല്‍ അഗ്രി ഫെസ്റ്റിന് മാനന്തവാടി ഒരുങ്ങി

Published

|

Last Updated

മാനന്തവാടി: കൃഷി വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് വയനാട് ഒരുങ്ങി. മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനത്ത് ജനുവരി 10 മുതല്‍ 17 വരെയാണ് അഗ്രിഫെസ്റ്റ് നടക്കുമെന്ന് പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രകൃതിയിലേക്ക് മടങ്ങാം ജൈവകൃഷിയിലൂടെ എന്നതാണ് അഗ്രിഫെസ്റ്റിന്റെ മുദ്രാവാക്യം. 2016-ഓടെ കേരളം ജൈവ സംസ്ഥാനമായി മാറുന്നതിന് മുന്നോടിയായി ജൈവ കാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
10ന് രാവിലെ പരിപാടികള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് മാനന്തവാടി ലിറ്റില്‍ഫഌവര്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര. വൈകുന്നേരം 5 മണിക്ക് മേളാ ഗ്രാമത്തില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ അഗ്രിഫെസ്റ്റ് ഉദ്ഘാടനംചെയ്യും. വകുപ്പ് മേധാവിമാര്‍, കാര്‍ഷികരംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍, സാംസ്‌ക്കാരിക നായകര്‍ എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും. ദിവസവും സെമിനാര്‍, പ്രദര്‍ശനം, ടൂറിസം വകുപ്പുമായി ചേര്‍ന്ന് ടൂറിസം മേള, സാംസ്‌ക്കാരിക വകുപ്പുമായി ചേര്‍ന്ന് സാംസ്‌ക്കാരിക മേള, കുടുംബശ്രീയുടെ ഫുഡ്‌ഫെസ്റ്റ്, മ്യൂസിയം മൃഗശാല വകുപ്പുമായി സഹകരിച്ച് ചരിത്രപുരാവതു പ്രദര്‍ശനം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് ട്രൈബല്‍ ഫെസ്റ്റ്, ആരോഗ്യവകുപ്പുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ മെഗാ മെഡിക്കല്‍ ക്യാമ്പ്, എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്‍, വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ടെക് ഫെസ്റ്റ്, ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡയറി ഫെസ്റ്റ്, മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ഷോ എന്നിവയും പ്രദര്‍ശനം, വിപണന മേള, തൈ വിതരണം എന്നിവയും കാര്‍ണ്ണിവലും അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കൃഷി പ്രമേയമായി സംസ്ഥാനത്തെ ആദ്യത്തെ ചലച്ചിത്ര മേള അഗ്രി ഫിലിം ഫെസ്റ്റ് 12ാം തീയതി ആരംഭിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിനിമാ വകുപ്പ്, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, വയനാട് പ്രസ്‌ക്ലബ്ബ് എന്നിവരുമായി ചേര്‍ന്നാണ് അഗ്രിഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 12ന് മൂന്ന് മണിക്ക് ചലച്ചിത്ര അക്കാദമി ഡയറക്ടര്‍ ആര്യാടന്‍ ഷൗക്കത്ത് മേള ഉദ്ഘാടനംചെയ്യും. ബാലതാരം എസ്തര്‍ ഭദ്രദീപം തെളിക്കും. കൃഷി വിഷയമായ വിവിധ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. 17ന് അഗ്രിഫിലിം ഫെസ്റ്റിവലിന്റെ സമാപനം ചലച്ചിത്രനടനും ജൈവ കര്‍ഷകനുമായ ശ്രീനിവാസന്‍ ഉദ്ഘാടനംചെയ്യും.
വനം വകുപ്പ്, കൃഷി വകുപ്പ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, വിവിധ യുവജന സംഘടനകള്‍, കര്‍ഷക സമിതികള്‍ എന്നിവരുമായി ചേര്‍ന്ന് ഒരു ലക്ഷം വൃക്ഷത്തൈകളുടെ വിതരണവും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. ചലച്ചിത്രതാരം മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചുമായി സഹകരിച്ചാണ് പരിപാടി.
ഇതിന്റെ ഉദ്ഘാടനം 6ന് ചൊവ്വാഴ്ച രാവിലെ 9.30ന് എറണാകുളം അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്‍ ഭരത് മമ്മൂട്ടി നിര്‍വ്വഹിക്കും.
നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ച് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ വഴിയുള്ള കാര്‍ഷിക അനുബന്ധ വിഷയങ്ങളിലെ പ്രചരണവും നടത്തുന്നുണ്ട്.
പരിപാടിയുടെ വിജയത്തിനായി നാഷണല്‍അഗ്രിഫെസ്റ്റ് ഡോട് കോം എന്ന പേരില്‍ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഫഌക്‌സ് ഒഴിവാക്കിക്കൊണ്ടുള്ള പ്രചരണ രീതിയാണ് ഉപയോഗിക്കുന്നത്. വയലുകളുടെ നാടായ വയനാടിന്റെ പൈതൃകവും കാര്‍ഷിക പാരമ്പര്യവും ജൈവ വൈവിധ്യവും ലോക ജനതക്കുമുമ്പില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അഗ്രിഫെസ്റ്റ്. ഭക്ഷ്യ സ്വയംപര്യാപ്തത, പാലുല്‍പ്പാദന മേഖലയിലെ സ്വയംപര്യാപ്തത എന്നിവക്ക് ആക്കംകൂട്ടുന്നതിനും കൃഷിയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് അഗ്രിഫെസ്റ്റിന് വയനാട് ആതിധേയത്വം വഹിക്കുന്നത്. 10 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വിവിധ സംസ്ഥാന മന്ത്രിമാര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍ എന്നിവര്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. 17ന് സമാപന സമ്മേളനത്തില്‍ കര്‍ണ്ണാടക കൃഷി മന്ത്രി കൃഷ്ണഭൈര ഗൗഡ പങ്കെടുക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടാതെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, നബാര്‍ഡ് എന്നിവരും അഗ്രിഫെസ്റ്റിനോട് സഹകരിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ ആദ്യമായാണ് ഇത്രവലിയ അഗ്രിഫെസ്റ്റ് നടക്കുന്നത്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി അഞ്ച് ലക്ഷത്തോളം ആളുകളെയാണ് ഫെസ്റ്റിലേക്ക് പ്രതീക്ഷിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വര്‍ക്കിംഗ് കണ്‍വീനര്‍ സബ് കലക്ടര്‍ ഹീറാം സാംബശിവറാവു, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എച്ച്.ബി. പ്രദീപ്, മീഡിയാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചിന്നമ്മ ടീച്ചര്‍ തുടങ്ങിയവരും പങ്കെടുത്തു.

Latest