Connect with us

Kerala

ശാസ്ത്ര രംഗത്ത് പുതുതലമുറയെ വളര്‍ത്തണം: ഉമ്മന്‍ചാണ്ടി

Published

|

Last Updated

തൃശൂര്‍: 28-ാമത് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളക്ക് തൃശൂരില്‍ തുടക്കം. കേരള പൊതുവിദ്യാഭ്യാസ വകുപ്പും ബംഗളൂരു വിശ്വേശരയ്യ ഇന്‍ഡ്രസ്ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയവും സംയുക്തമായി ഈ മാസം 10 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് മേള നടത്തുന്നത്.
ശാസ്ത്ര മേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രംഗത്ത് പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മാത്രമേ ഇന്ത്യക്ക് ഇന്നുണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ ശാസ്ത്രപുരോഗതിക്ക് വലിയ പ്രാധാന്യമാണ് രാജ്യം നല്‍കുന്നത്. അതിന്റെ ഫലങ്ങളാണ് ഇന്ന് ഇന്ത്യക്കുണ്ടായിക്കൊണ്ടിരിക്കുന്ന പല നേട്ടങ്ങളുടെയും പിന്നിലുമുള്ളത്.
ശാസ്ത്ര രംഗത്ത് ലോകത്ത് ഇന്ത്യ ആരേക്കാളും മുന്നിലാണ് ഇന്ന്. വിക്രം സാരാഭായ് സപേ്‌സ് സെന്ററിന്റെ നേതൃത്വത്തിലേക്ക് വന്നവര്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ രംഗത്ത് ആരേക്കാളും നേട്ടമുണ്ടാക്കിയ രാജ്യമാണ് ഇന്ത്യ. അതിനാല്‍ ശാസ്ത്രമേഖലക്ക് വലിയ പ്രാധാന്യമുണ്ട്. പുത്തന്‍ പ്രതിഭകളും കണ്ടുപിടിത്തങ്ങളും ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാലമാണ്. അതിന് വേണ്ട സഹായങ്ങള്‍ എല്ലാവരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, പോണ്ടിച്ചേരി എന്നീ ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 600 പേര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് രാവിലെ 9.30 മുതല്‍ 2.30 വരെയും പൊതുജനങ്ങള്‍ക്ക് 2.30 മുതല്‍ 5.30 വരെയും മേള സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിക്രം സരാഭായ് സ്‌പേ്‌സ് സെന്റര്‍ ഡയറക്ടര്‍ എം ചന്ദ്രദത്തന്‍ മുഖ്യ അതിഥിയായിരുന്നു. മേയര്‍ രാജന്‍ ജെ പല്ലന്‍, പി എ മാധവന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, ജില്ലാ കലക്ടര്‍ എം എസ് ജയ, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം ഉസ്മാന്‍, കെ എസ് ഹംസ, അഡീഷണല്‍ ഡി പി ഐ ജനറല്‍ കണ്‍വീനര്‍ എം ഡി മുരളി, ഡി ഡി ഇ സി എ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.