Connect with us

Kerala

ഐസ്‌ക്രീം കേസ് ബിനാമിയെ വെച്ച് അട്ടിമറിക്കാന്‍ ശ്രമമെന്ന് വി എസ് സുപ്രീംകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറികേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. പ്രതികള്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ ബിനാമികളെ ഉപയോഗിക്കുകയാണെന്നും കേസില്‍ കക്ഷിയായ വി കെ രാജു പ്രതികളുടെ ബിനാമിയാണെന്നുമാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. സുപ്രീംകോടതി സ്റ്റാന്റിംഗ് കമ്മറ്റിക്ക് കേസില്‍ നിക്ഷിപ്ത താത്പര്യമുണ്ട്. പ്രതികള്‍ക്ക് വേണ്ടി കേസില്‍ കക്ഷി ചേര്‍ന്ന അഡ്വ. വി കെ രാജു ബിനാമിയാണ്. രാജുവും സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകനും ഒത്തുകളി നടത്തുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സുപ്രീംകോടതിയിലെ അഭിഭാഷകന്‍ രമേഷ് ബാബു നേരത്തെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണെന്നും വി എസിന്റെ സത്യവാങ്മൂലത്തിലുണ്ട്. ഐസക്രീം കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ 2013ലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതിയാകേണ്ടയാള്‍ മന്ത്രിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഭരണത്തിലെയും ജുഡീഷ്യറിയിലെയും പോലീസിലെയും 22 പ്രമുഖരുടെ പേര് പരാമര്‍ശിച്ച കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്ന നിലപാടാണ് വി എസ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, കേസ് അന്വേഷിക്കാനാകില്ലെന്ന നിലപാടാണ് സി ബി ഐ കോടതിയില്‍ സ്വീകരിച്ചിരുന്നത്. സി ബി ഐക്ക് അന്വേഷിക്കാന്‍ ഇപ്പോള്‍ തന്നെ വളരെയധികം കേസുകളുണ്ടെന്നും ഇത്തരം കേസ് അന്വേഷിച്ച് സമയം പാഴാക്കാന്‍ കഴിയില്ലെന്നും സി ബി ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Latest