Connect with us

Kerala

കെ എസ് ആര്‍ ടി സി: ഇനി മുതല്‍ ജീവനക്കാര്‍ സ്ഥലപ്പേര് വിളിച്ച് ആളെ കയറ്റും

Published

|

Last Updated

തിരുവനന്തപുരം: പോകുന്ന സ്ഥലത്തിന്റെ പേര് വിളിച്ചു പറഞ്ഞ് ബസിലേക്ക് ആളെ കയറ്റുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് കൗതുകം.

ഇതു വരെ സ്വകാര്യ ബസുകളില്‍ മാത്രം കണ്ടു ശീലിച്ച രീതിയില്‍ യൂണിഫോമിട്ട കെ എസ് ആര്‍ ടി സി ജീവനക്കാര്‍ സ്ഥലപ്പേര് വിളിച്ച് ബസില്‍ ആളെ കയറ്റിയപ്പോള്‍ യാത്രക്കാര്‍ക്ക് സന്തോഷം. സ്വകാര്യ ബസുകാരെ അനുകരിക്കാനല്ല, മറിച്ച് പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ കരയിലേക്കടുപ്പിക്കാനാണ് ജീവനക്കാരുടെ ഈ വിളി.
സാമ്പത്തിക പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയുടെ പ്രതിദിനവരുമാനം ആറുകോടിയാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്റെ സേവ് കെ എസ് ആര്‍ ടി സി ക്യാമ്പയിനിന്റെ ഭാഗമായാണ് ജീവനക്കാര്‍ പുതിയ രീതി അവലംബിക്കുന്നത്.
5.8 കോടി രൂപയാണ് ഇതുവരെ കിട്ടിയിട്ടുള്ള പ്രതിദിന വരുമാനം. വരുമാനം വര്‍ധിപ്പിക്കാനായി ഇനി മുതല്‍ ജീവനക്കാര്‍ തന്നെ ഇറങ്ങി ബസില്‍ ആളെ വിളിച്ചു കയറ്റും. ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ ഒരു സര്‍വ്വീസും മുടങ്ങില്ല. പരമാവധി യാത്രക്കാരെ ബസില്‍ കയറ്റുകയും ചെയ്യും.
യാത്രക്കാരോടുള്ള പെരുമാറ്റം നല്ല രീതിയിലാക്കണമെന്ന് യൂനിയന്‍ നേതൃത്വം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പയിന് കൊച്ചിയില്‍ ഇന്നലെ തുടക്കമായി. യാത്രക്കാരോട് മാന്യമായി പെരുമാറുമെന്ന തീരുമാനവും കൂടി എടുത്തതോടെ ക്യാമ്പയിന്‍ ഹിറ്റാകുന്ന ലക്ഷണമാണുള്ളത്. പെന്‍ഷന്‍ ഫണ്ട് അനുവദിച്ചതുള്‍പ്പെടെ കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കാന്‍ സര്‍ക്കാറും മാനേജ്‌മെന്റും ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ജീവനക്കാരും കൈകോര്‍ക്കുന്നത്.
സ്‌പെയര്‍ പാര്‍ട്‌സ് അനുവദിച്ച് പരമാവധി ബസുകള്‍ സര്‍വീസിനിറക്കാമെന്ന് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റും ഉറപ്പ് നല്‍കിയിട്ടുണ്ട്.
ആദായകരമല്ലാത്ത റൂട്ടുകള്‍ പുനക്രമീകരിക്കുന്നതിനുള്ള നിര്‍ദേശം ജീവനക്കാര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. തൊഴിലാളികള്‍ പണംപിരിച്ച് ബസ്‌ബോഡി നിര്‍മിച്ച ചരിത്രം കേരളത്തിലുളളപ്പോള്‍ ക്യാമ്പയിന്‍ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയാണ് ജീവനക്കാര്‍ക്കുള്ളത്.
കെ എസ് ആര്‍ ടിസിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക കൂടിയാണ് സേവ് കെ എസ് ആര്‍ ടി സി ക്യാമ്പയിനിന്റെ ലക്ഷ്യം.

Latest