Connect with us

National

പനാഗരിയ കമ്പോള സൗഹൃദ സാമ്പത്തിക നിലപാടുകളുടെ സ്വന്തം വിദഗ്ധന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ രാജ്യത്തിന്റെ വികസന അജന്‍ഡ നിശ്ചയിച്ച ആസൂത്രണ കമ്മീഷന്‍ വിസ്മൃതിയിലേക്ക് നീങ്ങുമ്പോള്‍ ഉദിച്ചുയരുന്ന നീതി ആയോഗിന്റെ തലപ്പത്ത് അതിന്റെ തിളക്കമേറ്റാന്‍ നിയോഗിക്കപ്പെട്ട അരവിന്ദ് പനാഗരിയ കമ്പോള സൗഹൃദ സാമ്പത്തിക നയങ്ങളുടെ വക്താവായാണ് അറിയപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനായി കൂടുതല്‍ ഉദാരവത്കൃത സമീപനത്തിലേക്ക് സര്‍ക്കാര്‍ മാറണമെന്ന നിലപാടുള്ളയാളുമാണ് ഈ ഇന്തോ- അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. രാജസ്ഥാന്‍ സ്വദേശിയായ അദ്ദേഹം രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്.
അദ്ദേഹത്തിന്റെ ഗവേഷണങ്ങളും കണ്ടെത്തലുകളും മിക്കവാറും സാമ്പത്തിക വളര്‍ച്ചയുടെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ചാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. 62കാരനായ അരവിന്ദ് പനഗരിയ ഇന്ത്യന്‍ -അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമാണ്. ഏഷ്യന്‍ വികസന ബേങ്കില്‍ (എ ഡി ബി) മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ ഇക്കണോമിക്‌സിലെ കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ അരവിന്ദ് ലോകബേങ്ക്, ഐ എം എഫ്, ഡബ്ലിയു ടി ഒ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെല്ലാം വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു എന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റിലും അദ്ദേഹം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “വികസന നായക” പ്രതിച്ഛായ രൂപപ്പെടുത്തുന്നതില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് അരവിന്ദ് പനാഗരിയെന്ന് വിലയിരുത്തലുണ്ട്. നരേന്ദ്ര മോദിയുടെ കമ്പോള സൗഹൃദ നിലപാടുകള്‍ക്ക് ആസൂത്രണ തലം സൃഷ്ടിക്കുകയായിരിക്കും ക്യാബിനറ്റ് റാങ്കിലിരുന്ന് അരവിന്ദിന്റെ പ്രധാന ഉത്തരവാദിത്വം. ഇത് അദ്ദേഹം “ഭംഗിയായി” നിര്‍വഹിച്ചാല്‍ തൊഴില്‍ സംഘടനകള്‍ക്കെതിരെയും തൊഴില്‍ അവകാശങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ വരും. പൊതു മേഖലാ സ്ഥാപനങ്ങള്‍ പലതും സ്വകാര്യ മേഖലയിലേക്ക് ചുവട് മാറുകയും ചെയ്യും.
എന്നാല്‍ ദരിദ്ര ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ സാമൂഹിക ചെലവിടലിന് വലിയ പ്രാധാന്യമുണ്ടെന്നും കമ്പോളവത്കരണം സൂക്ഷ്മതയോടെ നടപ്പാക്കേണ്ടതാണെന്നുമാണ് അദ്ദേഹം പുറമേ പറയുന്നത്.

Latest