Connect with us

Kerala

അടുത്ത വര്‍ഷം മുതല്‍ ബയോമെട്രിക് പാസ്‌പോര്‍ട്ട്

Published

|

Last Updated

കൊച്ചി: പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരളം ദേശീയ ശരാശരിയില്‍ ബഹുദൂരം മുന്നിലെത്തി. പ്രതിവര്‍ഷം പത്ത് ലക്ഷം അപേക്ഷകര്‍ക്കാണ് കേരളത്തിലെ നാല് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളും 13 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും ചേര്‍ന്ന് പോയ വര്‍ഷം പാസ്‌പോര്‍ട്ട് ലഭ്യമാക്കിയത്. ദേശീയ തലത്തില്‍ ഇതൊരു പുതിയ റെക്കോഡാണെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ അവലോകന യോഗത്തിന് ശേഷം കേന്ദ്ര ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുക്തേഷ്‌കുമാര്‍ പര്‍ദേശി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു കോടി പാസ്‌പോര്‍ട്ടുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കി ഇന്ത്യ രാജ്യാന്തര തലത്തില്‍ ചൈനക്കും അമേരിക്കക്കും പിന്നില്‍ മൂന്നാമതെത്തിയപ്പോഴാണ് കേരളം അതിലെ പ്രധാന സേവന ദാതാവായത്. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പാസ്‌പോര്‍ട്ട് വിതരണം ചെയ്ത ജില്ലയെന്ന ബഹുമതി മലപ്പുറത്തിനാണ്. അതേസമയം പാസ്‌പോര്‍ട്ട് നല്‍കുന്നതില്‍ ഒന്നാമത് നില്‍ക്കുന്ന കേരളം പക്ഷെ പോലീസ് വെരിഫിക്കേഷന്‍ സമയബന്ധിതമായി നടത്തുന്നതില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലാണെന്ന് മുക്തേഷ് പര്‍ദേശി വ്യക്തമാക്കി.
2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ 1.01 കോടി പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ദേശീയ തലത്തില്‍ കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവ്. ഏറ്റവുമധികം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്ത സംസ്ഥാനങ്ങളില്‍ കേരളത്തിന് പിന്നില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവയാണ്. ഏറ്റവുമധികം അപേക്ഷ ലഭിക്കുന്ന അഞ്ച് ജില്ലകളില്‍ മലപ്പുറത്തിന് പിന്നില്‍ പൂനെ, താനെ, അഹമ്മദാബാദ്, കോഴിക്കോട് എന്നീ ജില്ലകളാണ്. മലപ്പുറം ജില്ല കൈകാര്യം ചെയ്തത് രണ്ടു ലക്ഷം പാസ്‌പോര്‍ട്ടുകളാണ്.
കേരളത്തില്‍ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മുക്തേഷ് പര്‍ദേശി അറിയിച്ചു.
ബയോമെട്രിക് സംവിധാനത്തിലുള്ള ഇ പാസ്‌പോര്‍്ട്ടുകള്‍ അടുത്ത വര്‍ഷത്തോടെ യാഥാര്‍ഥ്യമാകുമെന്ന് മുക്തേഷ് കുമാര്‍ പര്‍ദേശി അറിയിച്ചു. ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ഇന്ത്യാ സെക്യൂരിറ്റി പ്രസിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. 2015-16 വര്‍ഷത്തില്‍ ഇത് യാഥാര്‍ഥ്യമാകും.
പ്രത്യേകതരം ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പാസ്‌പോര്‍ട്ട് പുറത്തിറക്കുമ്പോഴും നിലവിലുള്ള പേപ്പര്‍ പാസ്‌പോര്‍ട്ടുകള്‍ അതേപടി തുടരും. ആവശ്യമുള്ളവര്‍ക്ക് ഇ പാസ്‌പോര്‍ട്ടിലേക്ക് മാറാനും കഴിയും.

Latest