Connect with us

Kerala

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനായില്ലെന്ന് സി പി എം മലപ്പുറം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

Published

|

Last Updated

മലപ്പുറം: മുസ്‌ലിം ജനവിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് സി പി എം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ സാധിച്ചില്ലെന്ന വിമര്‍ശവും ഉയര്‍ത്തുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ക്രിയാത്മക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന പാര്‍ട്ടി രേഖ പൂര്‍ണമായി നടപ്പാക്കാനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിന് പരിഹാരമായി 16 നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. മുഴുവന്‍ സാമൂഹിക വിഭാഗങ്ങളേയും പാര്‍ട്ടിയോട് ചേര്‍ത്തുപിടിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, ബ്രാഞ്ച് കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും ശക്തിപ്പെടുത്തുക, പട്ടികജാതി ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പാക്കുക, തീരദേശ മേഖലയില്‍ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക, പൊതുസമൂഹത്തെ കൂടെക്കൂട്ടിയുള്ള ക്യാമ്പയിനുകള്‍ക്ക് രൂപം നല്‍കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ഇപ്പോഴും കാര്യമായില്ല. നൂറിലധികം ബൂത്തുകളില്‍ പാര്‍ട്ടിക്ക് ഘടകങ്ങളില്ല. പല ബ്രാഞ്ച് കമ്മിറ്റികളും നിഷ്‌ക്രിയമാണ്. തീരദേശ മേഖലയില്‍ കേന്ദ്രീകരിച്ച് മുന്നേറാന്‍ ഇനിയും സാധിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരിലും അംഗങ്ങളിലും നിഷ്‌ക്രിയത്വം വര്‍ധിച്ചുവരുന്നുണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പൊതുവിഷയങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ ക്യാമ്പയിനുകളും സമരങ്ങളും പ്രതീക്ഷിച്ച വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രാദേശിക സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായി. ഈ പോരായ്മ പരിഹരിക്കേണ്ടതുണ്ട്.

അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണമായി പരിഹരിക്കപ്പെടാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 96 പേജുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലയില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ജില്ലയില്‍ മുസ്‌ലിംലീഗ് സാധ്യമാക്കുന്ന മുന്നേറ്റങ്ങള്‍ക്ക് തൊട്ടുപിന്നിലെത്താന്‍ പോലും പാര്‍ട്ടിക്കാവുന്നില്ലെന്ന വിമര്‍ശനം റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പല ഘട്ടങ്ങളിലും സാധിച്ചില്ലെന്ന വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലെ 23,267 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 16 ഏരിയാ സമ്മേളനങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 279 പ്രതിനിധികളും 33 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പൊതുചര്‍ച്ച ഇന്നും തുടരും. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയും കേന്ദ്ര സംസ്ഥാന നേതാക്കളും മറുപടി നല്‍കും.