Connect with us

Kasargod

കൗമാര കലയ്ക്ക് അരങ്ങുണര്‍ന്നു

Published

|

Last Updated

ചെറുവത്തൂര്‍: കാടങ്കോടിനു ഉത്സവലഹരി പകര്‍ന്ന് ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു തുടക്കമായി. കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പരിസരങ്ങളിലുമായുള്ള ഒമ്പതോളം സ്‌റ്റേജുകളിലാണ് ജില്ലയിലെ കൗമാര പ്രതിഭകള്‍ മാറ്റുരക്കുന്നത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി രാഘവന്‍ പതാക ഉയര്ത്തിയതോടെയാണ് നാല് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളക്ക് തുടക്കമായത്. വിവിധ സ്‌റ്റേജുകളിലായി അറുപത്തൊന്നു മത്സരങ്ങളാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ടത്.
ഈമാസം ഒന്നിന് നടന്ന സ്‌റ്റേജിതര മത്സരത്തിന്റെ തുടര്‍ച്ചയായാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ചെറുവത്തൂരില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ അധ്യാപകര്‍, സംഘാടകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ആബാലവൃദ്ധം ജനങ്ങളും അണിനിരന്നു. ആലാമിക്കളി, പുലിക്കളി, ദഫ്മുട്ട് എന്നിവയോടൊപ്പം 55 അംഗ സംഘത്തിന്റെ ചെണ്ടമേളം, 55 മുത്തുക്കുടകള്‍ പിടിച്ച വനിതകള്‍ തുടങ്ങിയവ ഘോഷയാത്രയെ സജീവമാക്കി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ മേളയുടെ ഉദ്ഘാടനവും സ്മരണിക പ്രകാശനവും നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ഇ പി രാജഗോപാലന്‍ സ്മരണിക “കാടങ്കോട്” പരിചയപ്പെടുത്തി.
ദേശീയ അംബേദ്കര്‍ അവാര്‍ഡ് ജേതാവ് ഡോ. ടി കെ മുഹമ്മദലി, കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത വിജേഷ് എന്നിവരെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായനി, കെ പി വത്സലന്‍, അഡ്വ. ശ്രീകാന്ത്, ടി വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി രാഘവന്‍ സ്വാഗതവും ടി നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

Latest