Connect with us

Eranakulam

സംസ്ഥാനത്ത് 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലം

Published

|

Last Updated

കൊച്ചി: വരുന്ന 400 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 100 പാലങ്ങള്‍ കമ്മീഷന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീംകുഞ്ഞ് അറിയിച്ചു. എറണാകുളത്ത് പൊതുമരാമത്ത് വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇവയുടെ നിര്‍മാണപ്രവൃത്തികള്‍, കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിതലത്തില്‍ അവലോകന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 186 പാലങ്ങളുടെ നിര്‍മാണപ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ അടിയന്തര പ്രാധാന്യമുള്ള 100 പാലങ്ങളാണ് ആദ്യഘട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെകീഴിലുള്ളവിവിധ ഏജന്‍സികള്‍ക്കാണ് നിര്‍മാണചുമതല. കെ എസ് ടി പി (15), ദേശീയപാതാ വിഭാഗം (24), റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്‌വിഭാഗം (57), കേരളാ റോഡ്‌സ്ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ്‌കോര്‍പറേഷന്‍ (84), കേരളാ റോഡ് ഫണ്ട് ബോര്‍ഡ് (2) എന്നീ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ നിര്‍മാണ ചുമതല. പാലങ്ങള്‍, ഫ്‌ളൈഓവറുകള്‍, റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നിര്‍മാണം.
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി 1441 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവ കൃത്യസമയത്തുതന്നെ പൂര്‍ത്തിയാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും മരാമത്ത്‌വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മിഷന്‍ 676ല്‍പ്പെട്ട എല്ലാ പദ്ധതികളും സമയബന്ധിതമായി തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയില്‍ ആസൂത്രിതമായ വികസനം ലക്ഷ്യമിട്ട് വകുപ്പ് നടത്തിവരുന്ന “സ്പീഡ് കേരള; യിലെ അഞ്ച് പദ്ധതികളില്‍ തലശ്ശേരി ബൈപ്പാസ് ഒഴികെ നാലെണ്ണം 400 ദിവസത്തിനകം പൂര്‍ത്തിയാക്കും.
ചരിത്രത്തിലാദ്യമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തുല്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 700 കോടിരൂപ ചെലവ് വരുന്ന ഈ പദ്ധതികളുടെ നിര്‍മാണം ഫെബ്രുവരിയില്‍ തുടങ്ങും. ഈ ബൈപാസുകള്‍ 30 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിന് പുറമേ നാല് വരിയായി നിര്‍മിക്കുന്ന തിരുവനന്തപുരം ബൈപാസ് (കഴക്കൂട്ടം-മുക്കോല) നിര്‍മാണം ഇ പി സി ടെന്‍ഡര്‍ പ്രകാരം ഉടന്‍ നിര്‍മാണം തുടങ്ങും. 117 കോടിരൂപയുടെ തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗത്ത് ഇപ്പോള്‍ നിര്‍മാണം നടക്കുന്നു. ഇതില്‍ ആശാന്‍പടി പറവണ്ണ റോഡ് പൂര്‍ത്തിയായി. പറവണ്ണ ചീരന്‍ കടപ്പുറം, താനൂര്‍ബൈപാസ്, ആശാന്‍പടി ട്രാന്‍സ്‌ഫോര്‍മര്‍ റോഡ് എന്നീ ഭാഗങ്ങളിലെ സ്ഥലമേറ്റെടുക്കല്‍, ടോപ്പോഗ്രാഫിക്കല്‍ സര്‍വേ നടപടികള്‍ നടന്നുവരുന്നു. പൊതുമരാമത്ത് റസ്റ്റ്ഹൗസുകളിലെ ഹൗസ്‌കീപ്പിംഗും, കാറ്ററിംഗും, “കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെആദ്യഘട്ടമായി ഒമ്പത് റസ്റ്റ്ഹൗസുകളില്‍കാറ്ററിംഗ് തുടങ്ങി. കാസര്‍കോഡ്, കൊട്ടാരക്കര, പത്തനംതിട്ട, പുനലൂര്‍, പത്തനാപുരം, തലശ്ശേരി, നിലമ്പൂര്‍, തൃശ്ശൂര്‍, കല്‍പറ്റ റസ്റ്റ്ഹൗസുകളിലാണ്ഇപ്പോള്‍ കുടുംബശ്രി കാറ്ററിംഗ്തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം നഗര മോഡല്‍ റോഡ് വികസന പദ്ധതി കോഴിക്കോട് ഉടന്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ടെന്‍ഡര്‍ അംഗീകാരത്തിനായി ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. 14 ജില്ലകളിലുംഓരോ വന്‍ പദ്ധതികള്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നതിനുള്ള ഡി.പി.ആര്‍. തയ്യാറാക്കാന്‍ റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ഇബ്രാഹിംകുഞ്ഞ്അറിയിച്ചു. പൊതുമരാമത്ത് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ലൈറ്റ് മെട്രോ എം ഡി ഷെയ്ക് പരീത് ഐ എ എസ്, കെ എസ് ടി പി പ്രോജക്ട്ഡയറക്ടര്‍ കെ സുന്ദരന്‍, ചീഫ് എന്‍ജിനീയര്‍മാരായ പി കെ സതീശന്‍, കെ പി പ്രഭാകരന്‍, എം പെണ്ണമ്മ, ജെ രവീന്ദ്രന്‍, ജെ എസ് ലീന, കേരളറോഡ് ഫണ്ട് ബോര്‍ഡ് സി ഇ ഒ പി സി ഹരികേഷ്, ചീഫ്ആര്‍ക്കിടെക്റ്റ് സി വി ദിലീപ്കുമാര്‍തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

Latest