Connect with us

International

സ്വതന്ത്ര ഫലസ്തീന്‍: യു എന്‍ സുരക്ഷാ സമിതിയെ വീണ്ടും സമീപിക്കുമെന്ന് അബ്ബാസ്

Published

|

Last Updated

ജറൂസലം: ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ രക്ഷാ കൗണ്‍സിലിനെ വീണ്ടും സമീപിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇക്കാര്യത്തില്‍ ജോര്‍ദാനുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും യു എന്‍ ഈ വിഷയത്തില്‍ ഫലസ്തീനിനോട് കൂടുതല്‍ മൃദുവായ സമീപനമാണ് പുലര്‍ത്തുകയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2017ഓടെ ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ നടത്തുന്ന, അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള കൈയേറ്റം അവസാനിപ്പിക്കണമെന്നും സ്വതന്ത്ര ഫലസ്തീന്‍ അംഗീകരിക്കണമെന്നുമാണ് ഫലസ്തീന്‍ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 30ന് നടത്തിയ യു എന്‍ വോട്ടെടുപ്പില്‍ ഫലസ്തീന്‍ പ്രമേയം പരാജയപ്പെട്ടിരുന്നു.
തങ്ങള്‍ പരാജയപ്പെടുകയില്ല. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് തങ്ങളെ പരാജയപ്പെടുത്തിയത്. വീണ്ടും സുരക്ഷാ സമിതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം. ഇക്കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണ്. ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വീണ്ടും ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകും. അത് രണ്ടോ മൂന്നോ നാലോ തവണ ആവര്‍ത്തിക്കാനും തയ്യാറാണെന്ന് റാമല്ലയില്‍ വെച്ച് അബ്ബാസ് വ്യക്തമാക്കി.
നേരത്തെ ഫലസ്തീന്റെ നടപടികളെ വിമര്‍ശിച്ച് ഇസ്‌റാഈലിന്റെ സഖ്യരാജ്യമായ അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തരം മുന്നേറ്റങ്ങള്‍ ഗുണം ചെയ്യില്ലെന്നായിരുന്നു അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അവകാശ വാദം.

---- facebook comment plugin here -----

Latest