International
തീവ്രവാദ വിരുദ്ധ നടപടി: പാക്കിസ്ഥാന് ജോണ്‍ കെറിയുടെ സാക്ഷ്യപത്രം
വാഷിങ്ടണ്‍ : പാക്കിസ്ഥാന് കൂടുതല്‍ സഹായമനുവദിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനിടെ ,ലശ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ് പോലുള്ള തീവ്രവാദി സംഘങ്ങള്‍ക്കെതിരെ പാക്കിസ്ഥാന് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സാക്ഷ്യപ്പെടുത്തല്‍. കെറിയുടെ ഈ ഉറപ്പോടെ കെറി-ലുഗാര്‍ ബില്‍ പ്രകാരമുള്ള സഹായ പാക്കേജിന് പാക്കിസ്ഥാന് യോഗ്യത നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബില്ലില്‍ പറയുന്ന ഒരു വ്യവസ്ഥയായ തീവ്രവാദത്തിനെതിരെ നടപടിയെന്ന നിബന്ധന പാക്കിസ്ഥാന് പാലിച്ചാല്‍ അമേരിക്കന്‍ സഹായത്തിന് പാക്കിസ്ഥാന് അര്‍ഹരാണ്.
2010ലെ അമേരിക്കന്‍ കോണ്‍ഗ്രസിലാണ് ജോണ്‍ കെറിയും റിച്ചാഡ് ലുഗാറും നിര്‍ദ്ദേശിച്ച കെറി-ലുഗാര്‍ ബില്‍ പാസായത്. ഈ ബില്‍ പ്രകാരം 2010-2014 കാലയളവില്‍ ഓരോ വര്‍ഷവും 1.5 ബില്യണ്‍ ഡോളര്‍ പാക്കിസ്ഥാന് സൈനികേതര സഹായമായി അനുവദിക്കും. തീവ്രവാദത്തിനെതിരായി പാക്കിസ്ഥാന് നടപടിയെടുത്തുവെന്ന് കെറി സാക്ഷ്യപ്പെടുത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പെട്ടെന്നുതന്നെ സഹായം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാനുമായി തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കായി കെറി പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ ആഴ്ചകള്‍മാത്രം അവശേഷിക്കവെയാണ് അമേരിക്കയുടെ സുപ്രധാന തീരുമാനം. അതിര്‍ത്തിയില്‍ തീവ്രവാദശക്തികള്‍ക്ക് പാക്കിസ്ഥാന് തുടര്‍ന്നും പിന്തുണനല്കുന്നതിനെതിരെ ഇന്ത്യ പ്രതിഷേധിക്കുന്നതിനിടെയാണ് അമേരിക്ക പാക്കിസ്ഥാന് കൂടുതല്‍ സഹായം അനുവദിക്കുന്നത്. ജനുവരി 11ന് ഗുജറാത്തിലെത്തുന്ന കെറിയോട് ഇത് സംബന്ധിച്ച തങ്ങളുടെ പ്രതിഷേധം ഇന്ത്യ അറിയിച്ചേക്കും.