Connect with us

International

വീണ്ടും ഇസ്‌റാഈല്‍ ധിക്കാരം; ഐ സി സി വിചാരണക്ക് സൈനികരെ വിട്ടുതരില്ലെന്ന്

Published

|

Last Updated

ജറൂസലം: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ ചോദ്യം ചെയ്യാന്‍ തങ്ങളുടെ സൈന്യത്തെ വിട്ടുനല്‍കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫലസ്തീന്‍ മുന്നൊരുക്കം നടത്തുന്നതിനിടെയാണ് പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഫലസ്തീനിന് ഇസ്‌റാഈല്‍ നല്‍കേണ്ടിയിരുന്ന 1.27 കോടി ഡോളര്‍ ഇതേ കാരണത്തിന്റെ പേരില്‍ ഇസ്‌റാഈല്‍ മരവിപ്പിച്ചിരുന്നു. ഫലസ്തീനിനെതിരെ കൂടുതല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും ഇസ്‌റാഈല്‍ ഭീഷണി മുഴക്കുന്നു.
ഇസ്‌റാഈല്‍ പ്രതിരോധ സേന(ഐ ഡി എഫ്)യെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ വലിച്ചിഴക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. ഇസ്‌റാഈലുമായി ഏറ്റുമുട്ടലിന്റെ പാതയാണ് ഫലസ്തീന്‍ സ്വീകരിക്കുന്നത്. എന്നാല്‍ നിസ്സംഗരായി നോക്കിയിരിക്കാന്‍ തങ്ങള്‍ക്കാവില്ല. കോടതിയുടെ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് സൈനികരെ സംരക്ഷിക്കും. ഇസ്‌റാഈല്‍ പ്രതിരോധ സേന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടു പോകും. അവര്‍ ഇസ്‌റാഈല്‍ ജനതയെ സംരക്ഷിക്കുന്നവരാണ്. അവരെ തങ്ങളും സംരക്ഷിക്കും. ഇനിയും സമാനമായ നടപടികളുമായി ഫലസ്തീന്‍ മുന്നോട്ടുപോകുകയാണെങ്കില്‍ കൂടുതല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഹമാസുമായി കരാര്‍ ഒപ്പിട്ടതിന്റെ പേരില്‍ ഫലസ്തീന്‍ നേതൃത്വത്തെയാണ് ഐ സി സിക്ക് മുമ്പാകെ വിചാരണ ചെയ്യേണ്ടതെന്നും നെതന്യാഹു ആരോപിച്ചു.
അതിനിടെ, ഇസില്‍ ബന്ധമുണ്ടെന്നാരോപിച്ച് ഇസ്‌റാഈല്‍ സൈന്യം ഒരു ഫലസ്തീന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വെസ്റ്റ്ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പിടിയിലായതെന്നും ഇസ്‌റാഈല്‍ ആരോപിച്ചു.
അതേസമയം, ജറൂസലമിനടുത്തുള്ള ബാത്തിര്‍ ഗ്രാമത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഇസ്‌റാഈല്‍ സൈന്യം നല്‍കിയ ഹരജി ഇസ്‌റാഈല്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. കൃഷിയുമായി ബന്ധമുള്ള പൗരാണികമായ ഈ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നശിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ജൂണില്‍, ഈ ഗ്രാമത്തെ ലോക പൈതൃക പട്ടികയില്‍ യുനെസ്‌കോ ഉള്‍പ്പെടുത്തിയിരുന്നു.

Latest