Connect with us

Editorial

ട്രാക്ക് തെറ്റുന്ന ദേശീയ ഗെയിംസ്

Published

|

Last Updated

ദേശീയ ഗെയിംസിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന ആരോപണം ശക്തമാകുകയാണ്. ഗെയിംസ് നടത്തിപ്പിലെ അഴിമതിയിലും ധൂര്‍ത്തിലും പ്രതിഷേധിച്ചു സംഘാടക സമിതിയില്‍ നിന്നുള്ള രാജി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗെയിംസ് നിര്‍വാഹകസമിതിയംഗം കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി എന്നിവര്‍ സ്ഥാനങ്ങള്‍ രാജിവെച്ചതിനു പുറമെ യൂനിവേഴ്‌സിറ്റി മുന്‍ ഫിസിക്കല്‍ ഡയറക്ടര്‍ പത്രോസ് മത്തായി, ഗെയിംസ് സി ഇ ഒ ജേക്കബ് പുന്നൂസ് തുടങ്ങി പലരും ചുമതലകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കേരള ഒളിംബിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി എ ഹംസയും വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിക്കുന്നുണ്ട്.
വ്യവസ്ഥാപിത മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ഉപകരണങ്ങളുടെ പര്‍ച്ചേസ് അടക്കമുള്ളവ നടത്തിയതെന്ന് ഗണേഷ് കുമാര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗെയിംസ് ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം അവശേഷിച്ചിരിക്കെ, ഉദ്ഘാടന- സമാപന ചടങ്ങുകളുടെ വേദിയായ കാര്യവട്ടത്തെ മുഖ്യ സ്റ്റേഡിയമുള്‍പ്പെടെ പല വേദികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലാണ്. 161 കോടി രൂപ മുടക്കിയാണ് കാര്യവട്ടത്തെ സ്റ്റേഡിയം നിര്‍മിക്കുന്നത്. ചില വേദികളുടെ നിര്‍മാണത്തില്‍ അശാസ്ത്രീയതയും ആരോപിക്കപ്പെടുന്നു. ഗ്യാലറിയിലിരുന്നാല്‍ കളി കാണാന്‍ സാധിക്കാത്ത വിധമാണ് കബഡി, ഖോഖോ മത്സരങ്ങള്‍ക്കായി ആറ്റിങ്ങലില്‍ ഒരുക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. ഇതുമൂലം അവിടെ 80 ലക്ഷം മുടക്കി താത്കാലിക സംവിധാനമൊരുക്കാനാണിപ്പോള്‍ തീരുമാനം. കായിക രംഗത്തെക്കുറിച്ചു വലിയ പിടിപാടില്ലാത്ത എഞ്ചീനീയര്‍മാര്‍ വേദികളുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്. കായിക മേഖല വളരെയേറെ വികസിച്ച സാഹചര്യത്തില്‍, നാട്ടിലെ വളര്‍ന്നുവരുന്ന പ്രതിഭകളുടെ വളര്‍ച്ചക്ക് ഉപകാരപ്പെടുന്ന വിധം, കായിക വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് വിദേശ രാജ്യങ്ങളില്‍ പുതിയ വേദികള്‍ നിര്‍മിക്കുന്നത്. ഇവിടെ സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയിലുള്ള താത്പര്യത്തിലുപരി ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് എല്ലാ രഗത്തും പ്രകടമാകുന്നത്. സംഘാടക സമിതിയുടെ തലപ്പത്ത് നിയോഗിക്കപ്പെട്ട പലരും സ്‌പോര്‍ട്‌സുമായി ബന്ധമില്ലാത്ത റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരാണ്. വന്‍ തുക പെന്‍ഷന്‍ വാങ്ങുന്നതിനു പുറമെ ദേശീയ ഗെയിംസ് അക്കൗണ്ടിലും പണം കൊയ്യാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നുവെന്നതിലുപരി ഗെയിംസ് നടത്തിപ്പ് കാര്യക്ഷമവും മികവുറ്റതുമാക്കാന്‍ ഇവരില്‍ പലരും പ്രാപ്തരല്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ദേശീയ ഗെയിംസിന്റ മുന്നോടിയായി ഈ മാസം 20ന് നടത്താന്‍ തീരുമാനിച്ച കൂട്ടയോട്ടത്തിന്റെ (റണ്‍ കേരള റണ്‍) നടത്തിപ്പിന്റെ ചുമതല നല്‍കിയതിലും ഭക്ഷണ വിതരണ ടെന്‍ഡറിലും ക്രമക്കേട് ആരോപിക്കപ്പെടുന്നു. പത്ത് കോടി രൂപക്ക് സംസ്ഥാനത്തെ ഒരു പ്രമുഖ പത്രത്തിനാണ് കൂട്ടയോട്ടത്തിന്റെ ചുമതല നല്‍കിയത്. സ്‌പോര്‍ട് കൗണ്‍സിലുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വലിയൊരു മുതല്‍മുടക്കില്ലാതെ സംഘടിപ്പിക്കാവുന്ന ഈ പരിപാടി സര്‍ക്കാര്‍ തലപ്പത്തെ ചില പ്രമുഖര്‍ക്ക് പ്രത്യേക താത്പര്യമുള്ള ഒരു പത്രസ്ഥാപനത്തിന് തീറെഴുതിക്കൊടുത്തതില്‍ ചില കള്ളക്കളികളുണ്ടെന്നാണ് പരാതി. ഗെയിംസിന്റെ പ്രവര്‍ത്തനങ്ങളിലും പ്രചാരണത്തിലും എല്ലാ പത്രങ്ങളെയും ഒരുപോലെ സഹകരിപ്പിക്കാനാണ് മുന്‍തീരുമാനമെന്നാണ് ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറയുന്നത്. അതിന്റെ ലംഘനമാണ് കൂട്ടയോട്ടത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണത്തെയാണ് നാഷനല്‍ ഗെയിംസുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകള്‍ അനുസ്മരിപ്പിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഉപകരണങ്ങളുടെ ഇറക്കുമതി, ഗ്യാലറിയൊരുക്കല്‍, നഗരത്തിന്റെ ആധുനീകരണം, റോഡ് നിര്‍മാണങ്ങള്‍, ഗെയിംസ് വില്ലേജ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ക്കായി 13,000 കോടി രൂപ ചെലവഴിച്ചിരുന്നു. ഇവയില്‍ പലതിലും സി എ ജിയും സി ബി ഐയും കേന്ദ്ര വിജിലന്‍സ് കമീഷനും ആദായനികുതിവകുപ്പുമെല്ലാം വന്‍ ക്രമക്കേട് കണ്ടെത്തുകയുണ്ടായി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും കോണ്‍ഗ്രസ് എം പിയുമായ സുരേഷ് കല്‍മാഡിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായിരുന്നു പ്രതിസ്ഥാനത്ത്. ഈ അനുഭവം മുന്നിലുണ്ടായിരിക്കെ ദേശീയ ഗെയിംസ് കുറ്റമറ്റതാക്കാനും സംസ്ഥാനത്തിന്റെ യശസ്സുയര്‍ത്താന്‍ സഹായകമായ രീതിയില്‍ സംഘടിപ്പിക്കാനും ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതായിരുന്നു. രാജ്യത്തെ കായിക പ്രേമികള്‍ മുഴുക്കെ കേരളത്തിലെ സ്റ്റേഡിയങ്ങളിലേക്കും ട്രാക്കുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കെ, അവിടെ ദൃശ്യമാകുന്നത് അഴിമതിയും ധൂര്‍ത്തുമാണെന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. ഉടനടി ഓര്‍ഗനൈസിംഗ് കമ്മിറ്റി വിളിച്ചുകൂട്ടി, ഉയര്‍ന്നു വന്ന ആരോപണങ്ങളെക്കുറിച്ചു പരിശോധിക്കുകയും ഇനിയുള്ള പ്രവര്‍ത്തനങ്ങളെങ്കിലും ആരോപണത്തിന് വിധേയമാകാത്ത വിധം പരമാവധി കുറ്റമറ്റതും അഴിമതിമുക്തവുമാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.

Latest