Connect with us

Gulf

സഊദിയില്‍ ചാവേറാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജിദ്ദ: സഊദി അറേബ്യയുടെ അതിര്‍ത്തിയിലുണ്ടായ ചാവേറാക്രമണത്തില്‍ രണ്ട് സഊദി സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പ്രവിശ്യയായ ജുദയ്യിദത്ത് അറാറിനു സമീപത്ത് വെച്ച് രണ്ട് പേര്‍ സൈനികര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ ഒരാളെ സൈനികര്‍ വെടിവെച്ചു കൊന്നു. മറ്റൊരാള്‍ ദേഹത്ത് സ്ഥാപിച്ച സ്‌ഫോടകവസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്ക നയിക്കുന്ന സൈനിക സഖ്യത്തില്‍ സഊദിയും പങ്കാളിയായിട്ടുണ്ട്. മറ്റ് അറബ് രാജ്യങ്ങള്‍ക്കൊപ്പം സഊദി വ്യോമസേനയും സിറിയയില്‍ ഇസിലിനെതിരെ വ്യോമാക്രമണം നടത്തുന്നുണ്ട്. ഇന്നലെ പുലര്‍ച്ചെ നടന്ന ആക്രമണം സംബന്ധിച്ച് സുരക്ഷാ സേന അന്വേഷണം നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കൊല്ലപ്പെട്ട സൈനികരില്‍ ഒരാള്‍ മുതിര്‍ന്ന ഓഫീസറാണ്. ഇറാഖുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്ത് സഊദി വന്‍ പ്രതിരോധം തീര്‍ത്തിട്ടുണ്ടെങ്കിലും മുന്‍കാലങ്ങളിലും ഇവിടെ മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, നേരിട്ടുള്ള ആക്രമണങ്ങള്‍ അപൂര്‍വമാണ്. ഇറാഖിന്റെയും സിറിയയുടെയും വലിയ ഭാഗം ഇസില്‍ തീവ്രവാദികള്‍ കൈയടക്കിയതിനെ തുടര്‍ന്ന് സഊദി ആയിരക്കണക്കിന് സൈനികരെ കൂടുതലായി അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.

---- facebook comment plugin here -----

Latest