Connect with us

Eranakulam

കൊച്ചി സമ്പൂര്‍ണ വൈ ഫൈ നഗരമാകുന്നു

Published

|

Last Updated

കൊച്ചി: നഗരം സമ്പൂര്‍ണ വൈ ഫൈ നഗരമാകുന്നു. ബി എസ് എന്‍ എല്‍ സഹകരണത്തോടെ ഏപ്രില്‍ ഒന്ന് മുതല്‍ നഗരത്തില്‍ പ്രസ്തുത പദ്ധതി നടപ്പാകും. ആദ്യ ഘട്ടമെന്ന നിലയില്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മറൈന്‍ഡ്രൈവ്, ഹൈക്കോര്‍ട്ട്, സുബാഷ് പാര്‍ക്ക്, കൊച്ചി കോര്‍പറേഷന്‍ മെയിന്‍ ഓഫിസ്, ജോസ് ജംഗ്ഷന്‍, വൈറ്റില മൊബിലിറ്റി ഹബ്ബ്, ഇടപ്പള്ളി ജംഗ്ഷന്‍, കലൂര്‍ എന്നിങ്ങനെ 10 പ്രദേശങ്ങളിലാണ് വൈ ഫൈ സംവിധാനം ലഭ്യമാകുന്നത്.
ഒരോ പ്രദേശത്തും സ്ഥാപിക്കുന്ന സംവിധാനത്തിന് കീഴില്‍ 300 മീറ്റര്‍ വരെ പരിധിക്കുള്ളില്‍ വൈ ഫൈ ലഭിക്കും. 10 എം ബി ആയിരിക്കും ഒരോ സ്ഥലത്തും ലഭിക്കുന്ന ബാന്‍ഡ് വിത്ത്്. ക്വാഡ്്ജന്‍ കമ്പനിക്കാണ് ബില്ലിംഗ് സംവിധാനത്തിന്റെ ചുമതല. പദ്ധതിയുടെ ഭാഗമായി ഒരു ദിവസം ആദ്യത്തെ 15 മിനിറ്റ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി വൈ ഫൈ ഉപയോഗിക്കാം. ഒരു മാസമാണ് ഇത്തരത്തിലുളള സൗജന്യ ഉപയോഗത്തിന്റെ കാലാവധി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്്. ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് സൗജന്യ ഉപയോഗത്തിന്റെ കാലപരിധി നീട്ടും. വൗച്ചറുകള്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനം വഴിയും വൈ ഫൈ ഉപയോഗിക്കുന്നതിന് റീ ചാര്‍ജ് ചെയ്യാം.
മൊബൈല്‍ ഫോണ്‍, ലാന്റ് ലൈന്‍ എന്നിവ വഴി ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നതിനേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും വൈ ഫൈ ക്കുള്ള നിരക്ക്. താരിഫ് പിന്നീട് പ്രഖ്യാപിക്കുമെന്നും കൊച്ചി മേയര്‍ ടോണി ചമ്മണി, ബി എസ് എന്‍ എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ ബി എസ് എന്‍ എല്ലിന് അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുകയാണ് കൊച്ചി നഗരസഭ ചെയ്യുന്നത്. മറ്റു വിധത്തിലുള്ള സാമ്പത്തിക ചെലവുകള്‍ ഒന്നും നഗരസഭ വഹിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ ഒരു നഗരസഭയില്‍ ഇത്രയധികം പ്രദേശങ്ങളില്‍ വൈ ഫൈ സംവിധാനം ലഭിക്കുന്ന ഇന്ത്യയിലെ ഏക നഗരസഭയായി കൊച്ചി മാറുമെന്നും ഈ മാസം ചേരുന്ന നഗരസഭാ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും മേയര്‍ പറഞ്ഞു.