Connect with us

Gulf

40 വര്‍ഷമായി സൂക്ഷിച്ചുവന്ന ലക്ഷക്കണക്കിന് ഉപയോഗിച്ച ടയറുകള്‍ ലേലം ചെയ്തു

Published

|

Last Updated

ദുബൈ: കഴിഞ്ഞ 40 വര്‍ഷമായി ദുബൈ നഗരസഭക്കു കീഴില്‍ സൂക്ഷിച്ചു വന്ന ലക്ഷക്കണക്കിന് ഉപയോഗിച്ച ടയറുകള്‍ ലേലത്തിലൂടെ വിറ്റഴിച്ചതായി അധികൃതര്‍. ഉപയോഗിച്ച ടയറുകള്‍ സൂക്ഷിക്കുന്ന പ്രദേശത്ത് വര്‍ഷങ്ങളായി കുന്നുകൂടിക്കിടന്നിരുന്ന ലക്ഷക്കണക്കിന് ടയറുകളാണ് ഘട്ടം ഘട്ടമായി നടത്തിയ പരസ്യലേലത്തിലൂടെ വിറ്റഴിച്ചതെന്ന് നഗരസഭയിലെ കോണ്‍ട്രാക്ട് ആന്‍ഡ് പര്‍ച്ചേഴ്‌സ് ഡയറക്ടര്‍ എഞ്ചി. ഇബ്‌റാഹീം യഅ്ഖൂബ് അറിയിച്ചു.
ജനവാസമില്ലാത്തതും വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാത്തതുമായ പ്രദേശത്താണ് വര്‍ഷങ്ങളായി നഗരസഭ ശേഖരിക്കുന്ന ഉപയോഗിച്ച ടയറുകള്‍ സൂക്ഷിച്ചിരുന്നത്. ഒരു ദിവസം ശരാശരി 1,000 ടയറുകള്‍ ഇവിടേക്കെത്തുമായിരുന്നു. നാള്‍ക്കുനാള്‍ കുന്നുകൂടിവന്ന ടയറുകള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന അഭിപ്രായം ഉയര്‍ന്നപ്പോഴാണ് ഇവ ഒഴിവാക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ചത്. മാത്രമല്ല, നാള്‍ക്കുനാള്‍ വികസിച്ചുവരുന്ന ദുബൈ നഗരം ടയറുകള്‍ സൂക്ഷിക്കുന്നതിന്റെ പരിസരങ്ങളില്‍ കെട്ടിടനിര്‍മാണവും മറ്റു നഗര വത്കരണവും ആരംഭിക്കുകയും ചെയ്തതും അധികൃതരെ ചിന്തിപ്പിച്ചു. ഇതിനും പുറമെ ദുബൈ പോലീസും ദിവയും, ഉപയോഗിച്ച ടയറുകളുടെ ശേഖരം ഒഴിവാക്കി പ്രദേശം വൃത്തിയാക്കണമെന്ന് നഗരസഭയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ടയറുകളുടെ പുനരുപയോഗ സേവനങ്ങള്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ പരസ്യ ലേലം സംഘടിപ്പിച്ചത്.
അഞ്ചു തവണകളായി നടത്തിയ പരസ്യലേലത്തില്‍ മൊത്തം ശേഖരത്തിന്റെ 85 ശതമാനം വിറ്റഴിക്കാന്‍ സാധിച്ചതായി ഇബ്‌റാഹീം യഅ്ഖൂബ് അറിയിച്ചു. 60 ലക്ഷം ദിര്‍ഹം ഈ വകയില്‍ ദുബൈ നഗരസഭക്ക് വരുമാനമുണ്ടായതായും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന 15 ശതമാനം ഈ വര്‍ഷം ആദ്യ പകുതിയോടെ നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ നഗരപരിധിക്കു പുറത്തും ആള്‍താമസില്ലാത്തതുമായ സ്ഥലമെന്ന നിലക്കാണ് ഇപ്പോഴുള്ള സ്ഥലം നഗരസഭ തിരഞ്ഞെടുത്തത്. പക്ഷെ, ദൈനം ദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ദുബൈ നഗരം പദ്ധതിയിട്ട ചില വികസന പ്രവര്‍ത്തനങ്ങളുടെ നടുവിലാകും ഈ സ്ഥലം എന്നതാണ് പരസ്യലേലത്തിലൂടെ ടയറുകള്‍ വിറ്റഴിക്കാന്‍ പ്രധാനമായും കാരണമായതെന്നും ഇബ്‌റാഹീം യഅ്ഖൂബ് പറഞ്ഞു.

Latest