Connect with us

Gulf

അനധികൃത ടാക്‌സികളെ കണ്ടെത്താന്‍ കാമ്പയിന്‍

Published

|

Last Updated

ദുബൈ: അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവരെ പിടികൂടുന്നതിനായി ആര്‍ ടി എ കാമ്പയിന്‍ നടത്തുന്നു. ദുബൈ പോലീസുമായി സഹകരിച്ചാണ് സഹര്‍ എന്ന പേരിലുള്ള കാമ്പയിന്‍ ആചരിക്കുന്നതെന്ന് ഫ്രാഞ്ചൈസിംഗ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മഹ്‌റ അറിയിച്ചു. നിയമ വിരുദ്ധമായ ഇത്തരം പ്രവണതകള്‍ സമൂഹത്തിലുണ്ടാക്കുന്ന മോശം പ്രതിഛായ ഇല്ലാതാക്കുന്നതിന്നാണ് ആര്‍ ടി എ ശ്രമിക്കുന്നത്.
അനധികൃതമായി ആളുകളെ കയറ്റിക്കൊണ്ടുപോകുന്ന പ്രവണത അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ റോഡരുകിലും മറ്റും നിന്നാണ് ഇത്തരം വാഹനങ്ങളിലേക്ക് ആളുകളെ വിളിച്ചു കൊണ്ടുപോകുന്നത്. വിവിധ തരത്തിലുള്ള വാഹനങ്ങള്‍ ഇതിന്നായി ഉപയോഗപ്പെടുത്തുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
അധികൃതര്‍ നടത്തിയ ശക്തമായ നീക്കത്തിലും പരിശോധനയിലും ഇത്തരം പ്രവണതകള്‍ കുറഞ്ഞു വന്നിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് വന്‍ പിഴ ചുമത്തിയതും ഇത്തരം സര്‍വീസ് നടത്തുന്നവര്‍ക്ക് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ചിലര്‍ അനധികൃത പ്രവണതയില്‍ തുടരുന്നതിനാലാണ് കാമ്പയിനുമായി രംഗത്തുവരാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
മേഖലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ദുബൈയുടെ സാമ്പത്തിക സാമൂഹിക പ്രതിഛായയെ കളങ്കപ്പെടുത്തുന്നതാണ് ഈ പ്രവണതയെന്ന് അല്‍ മഹ്‌റ ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ ലോകത്തെ മികച്ച സേവനം പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ആര്‍ ടി എ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കടന്നുകയറ്റമായി മാത്രമേ അനധികൃത ടാക്‌സി സര്‍വീസിനെ കാണാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത ടാക്‌സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന യാത്രക്കാര്‍ പലപ്പോഴും സാമ്പത്തിക ശാരീരിക അതിക്രമത്തിന് ഇരയാകുന്ന റിപ്പോര്‍ട്ടുകളും ഇടക്കിടെ ഉണ്ടാവാറുണ്ട്.