Connect with us

Gulf

വിദേശികള്‍ക്ക് ബേങ്ക് എക്കൗണ്ട്; രേഖ നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി നിയമ വിദഗ്ധര്‍

Published

|

Last Updated

ദുബൈ: വിദേശികളായ വ്യാപാര പങ്കാളികള്‍ക്ക് സ്ഥാപനത്തിന്റെ പേരില്‍ ബേങ്ക് എക്കൗണ്ട് തുറക്കാന്‍ അനുമതി പത്രവും വക്കാലത്തും സ്വദേശികളായ സ്‌പോണ്‍സര്‍മാര്‍ നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി നിയമ വിദഗ്ധര്‍. ബേങ്കിനുള്ള ബാധ്യതകള്‍ തീര്‍ക്കാതെ വിദേശികള്‍ നാടുവിടുന്ന സാഹചര്യത്തില്‍ നിരപരാധികളായ സ്വദേശികള്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുന്നതാണ് നിയമ വിദഗ്ധര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ കാരണമായത്.
ചെറിയ രീതിയിലുള്ള കച്ചവട സ്ഥാപനങ്ങളോ ചെറുകമ്പനികളോ വിദേശികള്‍ക്കുവേണ്ടി സ്വദേശി സ്വന്തം പേരില്‍ തുടങ്ങി, സ്ഥാപനത്തിന് നിയമപരമായി നിക്ഷേപം നടത്തിയ വിദേശിക്ക് എല്ലാ അധികാരങ്ങളും രേഖാമൂലം നല്‍കുന്ന രീതി രാജ്യത്ത് നിലവിലുണ്ട്. കൂട്ടത്തില്‍ സ്ഥാപനത്തിന്റെ പേരില്‍ രാജ്യത്തെ ബേങ്കുകളില്‍ എക്കൗണ്ട് തുറക്കാനും അത് കൈകാര്യം ചെയ്യാനും ചെക്കുകള്‍ ഒപ്പിടാനും ചില സ്വദേശികള്‍ വിദേശികള്‍ക്ക് രേഖാമൂലമുള്ള അധികാരം നല്‍കാറുണ്ട്. ഇതിനും പുറമെ ബേങ്കുകളില്‍ നിന്ന് കടം എടുക്കാനും എല്‍സി (ലറ്റര്‍ ഓഫ് ക്രഡിറ്റ്) തുറക്കാനും ആവശ്യമായ കടലാസുകളും ചില സ്വദേശികള്‍ വ്യാപാര പങ്കാളികളായ വിദേശികള്‍ക്ക് നല്‍കാറുണ്ട്. പങ്കാളിയെ പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇത്തരം രേഖകള്‍ വിദേശികളായ വ്യാപാര പങ്കാളികള്‍ക്ക് കൈമാറുമ്പോള്‍ സ്വദേശികള്‍ മുന്‍കരുതലെടുക്കണമെന്നാണ് നിയമ വിദഗ്ധര്‍ സ്വദേശികളെ ഉപദേശിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ബേങ്കുകള്‍ക്ക് എന്തെങ്കിലും തരത്തില്‍ ബാധ്യതകള്‍ ബാക്കിവെച്ച് നാടുവിടുന്ന വിദേശികള്‍ നിയമക്കുരുക്കിലാക്കുന്നത് തങ്ങളെ വിശ്വസിച്ച് സ്വദേശികളെയാണ്. ഇത്തരം ഘട്ടങ്ങളില്‍ ബേങ്ക് അധികൃതര്‍ നിയമ നടപടി സ്വീകരിക്കുക സ്വദേശികള്‍ക്കെതിരെയാണ്. വിദേശികളെ വിശ്വസിച്ച് കടലാസുകള്‍ ഒപ്പിട്ടു നല്‍കിയതിന്റെ പേരില്‍ നിരപരാധികളായിട്ടും ജയിലില്‍ പോകേണ്ടിവന്ന ചില സ്വദേശികളുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ബേങ്കുകള്‍ക്ക് ബാധ്യത ബാക്കിവെച്ച് രാജ്യം വിടുന്ന വിദേശികളില്‍ പലരും ഭീമമായ വ്യാപാര നഷ്ടം കാരണമാണെങ്കിലും അപൂര്‍വം കേസുകളില്‍ ബേങ്കുകളില്‍ നിന്ന് വന്‍സംഖ്യ കടമെടുത്ത് മനപൂര്‍വം മുങ്ങുന്നവരുമുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാര സ്ഥാപനം സ്ഥാപിക്കാന്‍ നിക്ഷേപം നടത്തിയതും സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതും വിദേശികളാണെങ്കിലും, വ്യാപാര ലൈസന്‍സ് തങ്ങളുടെ പേരിലാണെന്നതിനാല്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സ്വദേശികള്‍ക്ക് ഒരിക്കലും കഴിയില്ലെന്ന് പ്രമുഖ സ്വദേശി ലീഗല്‍ കണ്‍സള്‍ട്ടന്റായ യഅ്ഖൂബ് ശാഹീന്‍ വ്യക്തമാക്കി.

Latest