Connect with us

National

അരവിന്ദ് പനഗരിയ നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന് പകരം രൂപവത്കരിച്ച നിതി ആയോഗിന്റെ ആദ്യത്തെ ഉപാധ്യക്ഷനായി സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗരിയയെ നിയമിച്ചു. സാമ്പത്തിക വിദഗ്ധന്‍ ബിബേക് ഡിബ്രോയി, ശാസ്ത്രജ്ഞനും ഡി ആര്‍ ഡി ഒ മുന്‍ മേധാവിയുമായ വി കെ സാരസ്വത് എന്നിവരാണ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ ആയോഗിലെ (നിതി ആയോഗ്) രണ്ട് സ്ഥിരാംഗങ്ങള്‍. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് എന്നിവരെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായും പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശം ചെയ്തു.
ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി, മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി, സാമൂഹികക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് എന്നിവരെ നിതി ആയോഗിലെ പ്രത്യേക ക്ഷണിതാക്കളായും നിയമിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗില്‍ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായിരിക്കും. എന്നാല്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതില്‍ അംഗമായിരിക്കില്ല. ഇവിടങ്ങളില്‍ നിന്നുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍മാരാകും സമിതിയിലെ അംഗങ്ങള്‍.
യു എസിലെ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്നു അരവിന്ദ് പനഗരിയ. പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പനഗരിയ, ലോക ബേങ്ക്, അന്താരാഷ്ട്ര നാണയനിധി, ഡബ്ല്യു ടി ഒ, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്ക് എന്നിവക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈ മാസം ഒന്നിനാണ് നിതി ആയോഗ് നിലവില്‍ വന്നത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് രൂപം കൊണ്ട ആസൂത്രണ കമ്മീഷന് ബദലായാണ് നിതി ആയോഗ് രൂപവത്കരിച്ചത്. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുകയാണ് നീതി ആയോഗിന്റെ ചുമതല. രാജ്യത്തിനകത്തും പുറത്തുമുള്ള മെച്ചപ്പെട്ട നയപരിപാടികളെക്കുറിച്ച് നിതി ആയോഗ് വിവരങ്ങള്‍ നല്‍കും.

---- facebook comment plugin here -----

Latest