Connect with us

Gulf

പരിശോധനാ ഉദ്യോഗസ്ഥരുടെ തസ്തിക സ്വദേശിവല്‍കരിച്ചു

Published

|

Last Updated

അബുദാബി: നഗരസഭയുടെ കീഴിലുള്ള പരിശോധനാ ഉദ്യോഗസ്ഥരുടെ തസ്തിക സ്വദേശിവല്‍ക്കരിച്ചു. ബ്യൂട്ടിപാര്‍ലറുകളിലും ബാര്‍ബര്‍ഷോപ്പുകളിലും നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും സുരക്ഷാപരിശോധന നടത്തുന്നതു നഗരസഭയുടെ പൊതുആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരാണ്. 96 ജീവനക്കാരാണ് തസ്തികയിലുള്ളത്.
ഇക്കൊല്ലം ഈ വകുപ്പിനു കീഴില്‍ 31,961 പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച 13,752 സ്ഥാപനങ്ങള്‍ക്ക് ഇക്കാലയളവില്‍ താക്കീതു നല്‍കി. വ്യക്തികളും സ്ഥാപനങ്ങളും ശുചീകരണ നിയമങ്ങള്‍ ലംഘിച്ചതിനു 6638 കേസുകള്‍ പിടികൂടി. മാലിന്യങ്ങളും ചവറുകളും വഴിവക്കിലും വൃത്തിഹീനമാകുന്ന സാഹചര്യത്തിലും ഉപേക്ഷിച്ച 86 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ നിരത്തുകളും പൊതുസ്ഥലവും ഉപയോഗിച്ച പത്തു കേസുകളുമുണ്ടായി. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ പാചകംചെയ്ത കേസില്‍ 86 പേരാണു കുടുങ്ങിയത്. സിഗററ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ 816 പേര്‍ക്കെതിരെയും കേസുണ്ട്. പൊതുസ്ഥലത്തു തുപ്പിയ 519 പേര്‍ക്കും നഗരസഭയുടെ നിരീക്ഷണ ഉദ്യോഗസ്ഥര്‍ പിഴയെഴുതി.
പൊതുസ്ഥലത്തു വാഹനം കഴുകിയ 1600 പേര്‍ക്കെതിരെയാണു നടപടി സ്വീകരിച്ചത്. മുനിസിപ്പാലിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു കെട്ടിട ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കിയ 119 കുടുംബങ്ങള്‍ക്കു പിഴ വീണു. വാഹനത്തില്‍നിന്നു പാഴ്‌വസ്തുക്കള്‍ പുറത്തേക്കെറിഞ്ഞ ആറു പേരാണ് ഉദ്യോഗസ്ഥരുടെ നടപടിക്കു വിധേയരായത്. മുനിസിപ്പാലിറ്റിയുടെ ചവറുനീക്കത്തിനു തടസ്സമുണ്ടാക്കുംവിധം വാഹനം പാര്‍ക്ക് ചെയ്ത 84 വാഹനങ്ങള്‍ക്കെതിരെ നടപടിയുണ്ടായി.
കെട്ടിടത്തിലെ എസിയില്‍നിന്നു വഴിയിലേക്കു വെള്ളം വീണ കേസിലും 595 പേരെ പിടികൂടി. ചരക്കു വാഹനങ്ങള്‍ ഭദ്രമാക്കാത്തതിനാല്‍ പൊടിയും മണ്ണും കല്ലും പുറത്തേക്കു വീണതിനു മൂന്നു വാഹനങ്ങള്‍ക്കെതിരെയും ഇക്കൊല്ലം നഗരസഭയുടെ നടപടിയുണ്ടായി. നിസ്‌വാര്‍ അടക്കമുള്ള 3.2 ടണ്‍ നിരോധിത വസ്തുക്കളും ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടിച്ചെടുത്തു.

Latest