Connect with us

Gulf

കഴിഞ്ഞ വര്‍ഷം യു എ ഇ സ്വന്തമാക്കിയത് 16 ലോക റെക്കോര്‍ഡുകള്‍

Published

|

Last Updated

അബുദാബി: കഴിഞ്ഞ വര്‍ഷം യു എ ഇ സ്വന്തമാക്കിയത് 16 വേള്‍ഡ് റെക്കോര്‍ഡുകള്‍. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകളിലെ വ്യത്യസ്ത സംഭവങ്ങളാണ് ഗിന്നസ് ബുക്കില്‍ ഇടം നേടാനിടയാക്കിയത്.

100 കിലോ മീറ്റര്‍ വിസ്തൃതിയില്‍ കാണാന്‍ കഴിയുന്ന രീതിയില്‍ ബുര്‍ജ് ഖലീഫ, പാം ജുമൈറ എന്നിവിടങ്ങളിലെ 400 സ്ഥലങ്ങളില്‍ നിന്ന് വെടിക്കെട്ട് നടത്തി ദുബൈ പുതുവത്സര ദിനത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. നാല് ലക്ഷം കരിമുരന്നുകളാണ് ഇതിനായി ഉപയോഗിച്ചത്. അബുദാബി ട്രാന്‍സ്‌പോര്‍ട് വകുപ്പ് “ഡോട്ട്” 43-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 156 ബസുകളെ 39 എണ്ണമായി വിഭജിച്ച് തയ്യാറാക്കിയ ദേശീയ പതാകയും ഗിന്നസ് ബുക്കില്‍ ഇടം നേടി. ബസിന്റെ മുകള്‍ ഭാഗത്ത് ദേശീയ പതാകയുടെ നാല് നിറങ്ങള്‍ ക്രമീകരിച്ചിരുന്നു. രണ്ടാഴ്ച കൊണ്ട് തയ്യാറാക്കിയ പതാക ഡോട്ടിന്റെ ശഹാമയിലെ യാഡിലാണ് പ്രദര്‍ശിപ്പിച്ചത്. 36.6 മീറ്റര്‍ നീളവും 145 മീറ്റര്‍ വീതിയുമാണ് ബസില്‍ നിര്‍മിച്ച പതാകയുടെ വിസ്തൃതി.
അബുദാബി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് എമിറേറ്റ്‌സ് പാലസില്‍ പെന്‍സില്‍ കൊണ്ട് നിര്‍മിച്ച ദേശീയ പതാകയും ഗിന്നസ് ബുക്കില്‍ ഇടം നേടി. ദേശീയ ദിനത്തിന്റെ ഭാഗമാണ് നാല് നിറത്തിലുള്ള ഒരു ലക്ഷം പെന്‍സില്‍ കൊണ്ട് 1,000 ചതുരശ്ര മീറ്റര്‍ നീളത്തിലാണ് പതാക തയ്യാറാക്കിയത്.
പ്രമേഹത്തിനെതിരെ ബുര്‍ജ് പാര്‍ക്കില്‍ 11,022 ബള്‍ബുകള്‍ കൊണ്ട് തയ്യാറാക്കിയ പ്രതലവും ഗിന്നസ് ബുക്കില്‍ ഇടം നേടി. പ്രമേഹവും വിദ്യാഭ്യാസവും എന്ന ശീര്‍ഷകത്തിലാണ് ബോധവത്കരണത്തിന്റെ ഭാഗമായി വിളക്കുകള്‍ പ്രകാശിപ്പിച്ചത്. ദുബൈ സ്‌കൈ കാര്‍ഗോ ദേശീയ ദിനത്തിന്റെ ഭാഗമായി നിര്‍മിച്ച ചലിക്കുന്ന പതാകയും ഗിന്നസില്‍ ഇടം നേടി. 1.3 കിലോമീറ്റര്‍ നീളത്തില്‍ 43 കാര്‍ഗോ ട്രക്കുകള്‍ ആലങ്കരിച്ചാണ് തയ്യാറാക്കിയത്.
അബുദാബി പോര്‍ട് കമ്പനിയുമായി സഹകരിച്ച് അബുദാബി മറൈന്‍ ഓപ്പറേറ്റിംഗ് കമ്പനി നമ്മുടെ തീരവും പരിസ്ഥിതി സംരക്ഷണവും എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 23ന് സംഘടിപ്പിച്ച കടല്‍ വൃത്തിയാക്കലും ലോക റിക്കോര്‍ഡില്‍ ഇടം നേടി.
അതി വിദഗ്ധരായ 300 പേരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ശുദ്ധീകരണത്തില്‍ അബുദാബിയുടെ കടലില്‍ നിന്നും തീരങ്ങളില്‍ നിന്നുമായി ഒമ്പത് ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഹൃദ്രോഗത്തിനെതിരെ മുന്‍കരുതലിന്റെ ഭാഗമായി ദുബൈ മാളില്‍ സംഘടിപ്പിച്ച പരിശോധനയില്‍ 8675 പേരാണ് പരിശോധനക്ക് വിധേയരായത്. 7024 പേരെയാണ് സര്‍വകാലറെക്കോര്‍ഡ്. എട്ട് മണിക്കൂര്‍ നീണ്ട പരിശോധനക്ക് 80 നഴ്‌സുമാര്‍ പങ്കെടുത്തു.
ദുബൈ പോലീസിന്റെ ആഡംബര വാഹന പരേഡും ഗിന്നസില്‍ ഇടം നേടി. ബുഗാട്ടി, ഫെറാറി, എം സി ലിയേണ്‍, ലംബോര്‍ഗിനി, റോള്‍സ്-റോയ്‌സ്, ബെന്റലി, ആസ്‌ട്രോണ്‍ മെര്‍ട്ടീന്‍ എന്നീ വിഭാഗങ്ങളില്‍പെട്ട 58 ആഡംബര വാഹനങ്ങളാണ് 32 കിലോമീറ്റര്‍ നീളത്തില്‍ പരേഡ് നടന്നത്.
അബുദാബി കുതിര ക്ലബ്ബിന്റെ സഹകരണത്തോടെ അബുദാബി വൊക്കേഷന്‍ എഡ്യുക്കേഷന്‍ 2139 സ്വദേശി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് രണ്ട് കിലോ മീറ്റര്‍ നീളത്തിലും അഞ്ചുമീറ്റര്‍ വീതിയിലും സംഘടപ്പിച്ച ചലിക്കുന്ന ദേശീയ പതാകയും ലോക റിക്കോര്‍ഡ് കരസ്ഥമാക്കി. 230 മീറ്റര്‍ നടന്നാണ് 43-ാം ദേശീയ ദിനത്തോടനുബന്ധിച്ച് പതാക തയ്യാറാക്കിയത്.
റെക്കോര്‍ഡുകള്‍ക്കായുള്ള ശ്രമങ്ങള്‍ രാജ്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് കൈ കൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ചെയിന് ഇന്ന് പ്രദര്‍ശിപ്പിക്കും. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇതും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest