Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ സ്ഥാനാരോഹണ വാര്‍ഷികം; നഗരസഭ 90 ലക്ഷം പൂച്ചെടികള്‍ വിതരണം ചെയ്യുന്നു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയുടെ ഭരണ സാരഥ്യമേറ്റെടുത്തതിന്റെ വാര്‍ഷികം വ്യത്യസ്തമായി ആഘോഷിക്കുകയാണ് ദുബൈ നഗരസഭ.

2006 ജനുവരി നാലിനാണ് തന്റെ മുന്‍ഗാമിയായിരുന്ന ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വിയോഗ ശേഷം ദുബൈയുടെ ഭരണ സാരഥ്യമേറ്റെടുക്കുന്നത്. ഭരണമേറ്റെടുത്തതിന്റെ ഒമ്പതാം വാര്‍ഷികം ദുബൈ നഗരസഭ ആഘോഷിക്കുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 ലക്ഷം പൂച്ചെടി തൈകള്‍ വിതരണം ചെയ്തുകൊണ്ടാണെന്ന് നഗരസഭാ മേധാവി എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത അറിയിച്ചു.
നഗരത്തിന്റെ ദേര, ബര്‍ദുബൈ തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ഇന്നലെ മുതല്‍ ചെടികള്‍ വിതരണം ചെയ്തുതുടങ്ങിയതായും ലൂത അറിയിച്ചു. അല്‍ മംസര്‍ പാര്‍ക്ക്, ഖിസൈസ് രണ്ടിലെ ബുഹൈറ പാര്‍ക്ക്, വര്‍ഖാ രണ്ടിലെ പാര്‍ക്ക് എന്നിവിടങ്ങളില്‍ ഇന്നലെ വൈകുന്നേരം നാല് മുതല്‍ അറ് വരെയാണ് ചെടികള്‍ വിതരണം ചെയ്തത്.
അല്‍ ബര്‍ശാ ബുഹൈറ പാര്‍ക്കിലും സഅ്ബീല്‍ വലിയ മസ്ജിദ് അങ്കണത്തിലും നഗരസഭയുടെ ഹത്തയിലെ ആസ്ഥാനത്തും ഇന്നലെ ആഘോഷത്തിന്റെ ഭാഗമായി തൈകള്‍ വിതരണം ചെയ്തു.
സ്വദേശികളും വിദേശികളുമായ ആവശ്യക്കാര്‍ക്ക് സൗജന്യമായാണ് നഗരസഭ തൈകള്‍ വിതരണം ചെയ്യുന്നത്. ബുധനാഴ്ച വരെ ദുബൈയുടെ വിവിധ പാര്‍ക്കുകളിലും മറ്റുമായി ചെടികളുടെ വിതരണം നടക്കുമെന്ന് നഗരസഭാ തലവന്‍ അറിയിച്ചു. നാലു ദിവസങ്ങളിലായി നടക്കുന്ന പൂച്ചെടികളുടെ വിതരണം ഏറെ പൊതുജന ശ്രദ്ധയാകര്‍ഷിച്ചതായും ഓരോ ദിവസവും 22.5 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ തന്റെ സ്ഥാനാരോഹണത്തിന്റെ വാര്‍ഷികത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തുന്നില്ലെന്നും രാജ്യത്തിന്റെ കാവല്‍ക്കാരായ പട്ടാളക്കാര്‍ക്ക് മുഴുവന്‍ ആഘോഷങ്ങളും സമര്‍പ്പിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. പട്ടാളക്കാര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന പ്രത്യേക ക്യാമ്പയിന്‍ തന്നെ രാജ്യത്ത് ഇത്തരുണത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest