Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് ആക്രമണം. ജമ്മു കാശ്മീരിലെ സാംബ, കത്വ ജില്ലകളിലായി നടന്ന ആക്രമണത്തില്‍ ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബി എസ് എഫിന്റെ ഔട്ട്‌പോസ്റ്റുകളും അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഗ്രാമങ്ങളും ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്നലെ ഉച്ചയോടെയാണ് അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയത്. ശക്തമായ മോര്‍ട്ടാര്‍ ആക്രമണമാണ് പാക്കിസ്ഥാന്‍ ഭാഗത്ത് നിന്നുണ്ടായതെന്ന് ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാംബ സെക്ടറിലെ കോണ്‍സ്റ്റബിള്‍ ദേവീന്ദര്‍ കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പാക് ആക്രമണത്തില്‍ നാല് ജവാന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ബി എസ് എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിരക്ഷാ സേനയിലെ അഞ്ച് സൈനികരും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ ആരോപിച്ചു.
ഇന്നലെ രാവിലെ നേരിയ തോതില്‍ ഉണ്ടായ ആക്രമണം ഉച്ചയോടെ ശക്തമാകുകയായിരുന്നു. അതിര്‍ത്തിയിലെ അമ്പത്തിയേഴ് ഗ്രാമങ്ങളാണ് പാക്കിസ്ഥാന്‍ ലക്ഷ്യമാക്കുന്നതെന്ന് കത്വ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് മൂന്ന് മുതല്‍ നാല് വരെ കിലോമീറ്റര്‍ ഉള്ളിലായാണ് ഷെല്ലുകള്‍ പതിക്കുന്നത്. പുതുവത്സര രാവില്‍ തുടങ്ങിയ ആക്രമണങ്ങളെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമീണര്‍ പലായനം തുടരുകയാണ്. സാംബ, കത്വ ജില്ലകളില്‍ നിന്ന് 3,500ലധികം ഗ്രാമീണരാണ് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തത്. കത്വ ജില്ലയിലെ പതിനൊന്ന് ഗ്രാമങ്ങളില്‍ നിന്നായി 2,500 പേരാണ് സുരക്ഷിത മേഖലകളിലേക്ക് മാറിയത്. 1,800 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്.
ഫഌഗ് മീറ്റിംഗിനെത്തിയ പാക്കിസ്ഥാന്‍ സൈനികര്‍ക്ക് നേരെ ബി എസ് എഫ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ആരോപണം തള്ളിക്കൊണ്ട് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിസ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് മറുപടി നല്‍കിയത്.
പുതുവത്സര രാവില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്.