Connect with us

Wayanad

താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഹരജി നല്‍കി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ മൂപ്പൈനാട് വില്ലേജില്‍ അരപ്പറ്റയിലും നെടുങ്കരരണയിലും ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ളതടക്കം 1081.27 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചും ഭൂമി വിട്ടുകിട്ടുന്നതിനു നടപടി ആവശ്യപ്പെട്ടും കോഴിക്കോട് സ്വദേശികള്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഹരജി നല്‍കി.
അരപ്പറ്റയില്‍ സര്‍വേ നമ്പര്‍ 742/1 മുതല്‍ ഏഴ് വരെ ക്രമനമ്പറില്‍ ഉള്‍പ്പെടുന്ന മൂപ്പൈനാട് പീക്ക് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 538.29 എക്കറില്‍ അവകാശം ഉന്നയിച്ച് കോഴിക്കോട് കിഴക്കോത്ത് മൂന്നാം പിലാവില്‍ വാഴോത്ത് കാഞ്ഞിരോട്ട് ചന്ദ്രന്‍ കിടാവ്, കിഴക്കോത്ത് മുരളി നിവാസില്‍ സത്യവതിയമ്മ, ചിങ്ങപുരം ശ്രീനിലയം വി.കെ.അമൃത്കുമാര്‍ എന്നിവരാണ് ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചത്. രജിസ്‌ട്രേഡ് പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡര്‍ എറണാകുളം കണയൂര്‍ എളംകുളം ജവഹര്‍ നഗര്‍ പുതിയകുന്നേല്‍ പകലോമറ്റം ജോണി ജോസഫ് മുഖേനയാണ് ഇവരുടെ ഹരജി.
നെടുങ്കരണയില്‍ റീ സര്‍വേ 811/1 മുതല്‍ ഒന്‍പത് വരെ ക്രമനമ്പരിലും 1132-ലും ഉള്ള 542.98 ഏക്കര്‍ വിട്ടുകിട്ടുന്നതിനു 23 പേര്‍ സംയുക്തമായാണ് അപേക്ഷ നല്‍കിയത്. കിഴക്കോത്ത് മുരളി നിവാസില്‍ വി കെ സത്യവതിയമ്മ, ഇവരുടെ മക്കളായ നന്ദകുമാര്‍, നീന, നീത, കോഴിക്കോട് കാക്കൂര്‍ പാര്‍വതി നിവാസില്‍ എം പി ഗംഗാധരന്‍ നായര്‍, സഹോദരങ്ങളായ തലക്കുളത്തൂര്‍ പുളിയോളി വീട്ടില്‍ സത്യഭാമ, കാക്കൂര്‍ പുത്തലത്തുകുഴിയില്‍ വീട്ടില്‍ രുക്മിണി, കാക്കൂര്‍ കൊളങ്ങരക്കണ്ടി വീട് രത്‌നവല്ലി, ബാലുശേരി കൊളശേരിവീട് പുഷ്പ, സത്യഭാമയുടെ മകന്‍ സതീഷ്ബാബു, രുക്മിണിയുടെ മകള്‍ എം.പി.ലളിത, ന•ണ്ട തളിയാച്ച വീട് കെ.എം.സരോജിനിയമ്മ, ഇവരുടെ മക്കളായ കെ എം വിജയലക്ഷ്മി, കെ.എം.രവി, ചേളന്നൂര്‍ ഇരുവള്ളൂര്‍ മനത്താനത്ത് കെ എം ദാക്ഷായണിയമ്മ, മക്കളായ കെ.കരുണാകരന്‍, മധുസൂദനന്‍, ഹരിദാസ്, കിഴക്കോത്ത് മൂളംപറോല്‍വീട് ബാലാമണിയമ്മ, മകന്‍ എം.രാജഗോപാല്‍, കാക്കൂര്‍ കുന്നത്തുവീട് ചന്ദ്രമതിയമ്മ, മക്കളായ കെ.സദാനന്ദന്‍, കെ രവികുമാര്‍ എന്നിവരാണ് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനുള്ള ഹരജിയില്‍ ഒപ്പിട്ടിരിക്കുന്നത്.
അരപ്പറ്റയിലെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചവരുടെ ഹരജിയില്‍ പറയുന്നത് ഇങ്ങനെ: മൂപ്പൈനാട് പീക്ക് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 538.29 ഏക്കര്‍ ഭൂമി പൂര്‍വികര്‍ 1910 നവംബര്‍ 18ന് വില്യം മക്കിന്‍ലേ എന്ന ബ്രിട്ടീഷ് പൗരന് പാട്ടത്തിനു നല്‍കിയതാണ്. പിന്നീടിത് മലയാളം പ്ലാന്റേഷന്‍സ് പാട്ടംകൊണ്ടു. മലയാളം പ്ലാന്റേഷന്‍സ് കമ്പനിയില്‍നിന്നു കിഴക്കോത്ത് മൂന്നാംപിലാവില്‍ കൃഷ്ണന്‍കുട്ടി നായര്‍ പാട്ടത്തുക സ്വീകരിച്ച് രസീതി നല്‍കി വന്നിരുന്നു. ഈ പാട്ടത്തിന്റെ കാലാവധി 2009 നവംബര്‍ 19ന് കഴിഞ്ഞു. ഭൂമി വിട്ടുകിട്ടുതിനു പേര് മാറ്റുന്നതിനായി അവകാശികള്‍ 2007 സെപ്റ്റംബര്‍ അഞ്ചിന് കല്‍പറ്റ റീ സര്‍വേ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നു.
ഈ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഒ.എസ് 26/1945 നമ്പാരായി കോഴിക്കോട് സബ് കോടതിയില്‍ നല്‍കിയ കേസില്‍ 1961ല്‍ അനുകൂല വിധിയും ഉണ്ടായി. പട്ടികയില്‍ പറയുന്ന സ്ഥലത്തിലുളള അവകാശം കോടതി ഉത്തരവ് പ്രകാരം 1963 മാര്‍ച്ച് 13ന് ആമീന്‍ പി കരുണാകരന്‍ നായര്‍ മുഖേന പ്രദേശത്ത് കിണ്ണംമുട്ടി പ്രസിദ്ധപ്പെടുത്തിയിരുന്നു.
കോഴിക്കോട് സബ് കോടതി വിധി, മൂപ്പൈനാട് വില്ലേജ് റീ സര്‍വേ ആന്‍ഡ് റീ സെറ്റില്‍മെന്റ് രജിസ്റ്റര്‍, ആമീന്‍ മുഖേന കോടതി കിണ്ണംമുട്ടി നടത്തിത്തന്ന ഉത്തരവ്, സര്‍വേ അദലാത്തിനുവേണ്ടി കല്‍പ്പറ്റ റീ സര്‍വേ സൂപ്രണ്ടിനു സമര്‍പ്പിച്ച അപേക്ഷ, മലയാളം പ്ലാന്റേഷന്‍സ് പാട്ടം നല്‍കിയിരുന്നതിന്റെ രേഖ, കമ്പനിയുമായി നടത്തിയ കത്തിടപാടുകള്‍ എന്നിവയുടെ പകര്‍പ്പും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
നെടുങ്കരണയില്‍ കാട്ടെരിക്കുന്ന് നിടുങ്കരണ എസ്റ്റേറ്റ്, പുല്ലൂര്‍ക്കുന്ന് എന്നിങ്ങനെ അറിയപ്പെടുന്ന 542.98 ഏക്കര്‍ പൂര്‍വികര്‍ 1825 ജനുവരി 12നും 1879 മാര്‍ച്ച് 26നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ആധാരങ്ങള്‍ പ്രകാരം എഡ്ഗര്‍ ട്രോലപ്പി, ജോണ്‍ റോബര്‍ട്‌സണ്‍, വല്യം വിക്ടര്‍ ഹിഡില്‍സ്റ്റണ്‍, വില്യം മക്കിന്‍ലേ എന്നീ വിദേശ പൗര•ാര്‍ക്ക് പാട്ടത്തിനു നല്‍കിയതും പിന്നീട് ഹാരിസണ്‍ മലയാളം പ്ലാന്റേശഷന്‍സിന്റെ കൈവശം എത്തുകയും ചെയ്തതാണെന്നാണ് ഹരജിയില്‍.
പട്ടികയില്‍ പറയുന്ന ഭൂമിയിലുള്ള അവകാശം ജ•സിദ്ധമാണ്. 1961ലെ കോഴിക്കോട് സബ് കോടതി ഉത്തരവും കൊടുവള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലെ 1017/69 നമ്പര്‍ ആധാരപ്രകാരവും ഭൂമിയില്‍ അവകാശം ലഭിച്ചിട്ടുണ്ട്. പാട്ടം നടപ്പുകാലത്തും പാട്ടക്കാലാവധി അവസാനിച്ചപ്പോഴും അവകാശികളില്‍ പലരും മൈനര്‍മാരായിരുന്നു. മൈനര്‍ സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ മറ്റാര്‍ക്കും അധികാരമില്ല. പൂര്‍വികമായ രേഖകളും വിവരങ്ങളും ലഭിക്കുന്നതില്‍ ഉണ്ടായ കാലതാമസം മുതലെടുത്ത് ആരെങ്കിലും ഈ ഭൂമിയുടെ കാര്യത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം അസാധുവാണ്-ഹരജിയില്‍ പറയുന്നു.
അരപ്പറ്റയിലെ ഭൂമിയില്‍ അവകാശം ഉന്നയിച്ച് ഡിസംബര്‍ 14നും നെടുങ്കരണയിലെ ഭൂമി വിട്ടുകിട്ടുന്നതിനു ഡിസംബര്‍ 31നുമാണ് ബന്ധപ്പെട്ടവര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഹരജി നല്‍കിയത്.
ഈ ഹരജികള്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തില്‍ വയനാട്ടിലുള്ള ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

Latest