Connect with us

Kozhikode

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം പയ്യോളിയില്‍

Published

|

Last Updated

പയ്യോളി: 37ാമത് സംസ്ഥാന ടെക്‌നിക്കല്‍ കലോത്സവം ഈ മാസം 22, 23, 24 തീയതികളില്‍ പയ്യോളി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. 22ന് വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി കെ പി മോഹനന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെ യാകും ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. തുടര്‍ന്ന് ഫോക് സംഗീതത്തെ ആധാരമാക്കിയുള്ള മെഗാ ഷോ അരങ്ങേറും. കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം വേദിയില്‍ നടക്കും.
സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മേളയില്‍ മാറ്റുരക്കും. നാല് സ്റ്റേജുകളിലായി 23 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. മത്സരാര്‍ഥികള്‍ക്കും അവരെ അനുഗമിച്ച് വരുന്ന അധ്യാപകര്‍ക്കും താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തിയിട്ടുള്ളത്. സമീപ പ്രദേശങ്ങളിലുള്ള വിദ്യാനികേതന്‍ സ്‌കൂള്‍, മേലടി ഭജനമഠം ഗവ. യു പി സ്‌കൂള്‍, ഫിഷറീസ് ഗവ. യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നത് പയ്യോളി ടൗണില്‍ നിന്നും അകലെ. ദേശീയ പാതയില്‍ നിന്നും വിട്ട് ഉള്‍പ്രദേശത്തായതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്കും മറ്റും ഭക്ഷണം നല്‍കാനുള്ള ഒരുക്കങ്ങള്‍ ഭക്ഷണ കമ്മിറ്റി നടത്തിവരുന്നു. മേളയുടെ വിജയത്തിന് 14ഓളം സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കലോത്സവത്തിന്റെ മുന്നോടിയായി 20ന് വൈകു. നാല് മണിക്ക് വര്‍ണപ്പകിട്ടാര്‍ന്ന വിളംബര ജാഥ നടക്കും. 24ന് സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും. കലാസാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ ദാസന്‍ എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി സിന്ധു, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് കെ സി സുഗതകുമാര്‍, പി ടി എ പ്രസിഡന്റ് എന്‍ സി മുസ്തഫ, പഞ്ചായത്ത് അംഗങ്ങളായ പി ബാലകൃഷ്ണന്‍, കെ കെ പ്രേമന്‍, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സി സുരേഷ്, കണ്‍വീനര്‍ കെ പി റാണാപ്രതാപ്, വി മനോഹരന്‍, എം കെ സുരേന്ദ്രന്‍ പങ്കെടുത്തു.

Latest