Connect with us

Malappuram

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പിന്നോട്ടു പോകില്ല: മുഖ്യമന്ത്രി

Published

|

Last Updated

മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ലെന്നും നടപ്പാക്കല്‍ സര്‍ക്കാറിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ (കെ ജി ഒ യു) സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് പരിഗണന നല്‍കും. ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്ത് അവരെ കൂടി പരിഗണിച്ചെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ജീവനക്കാരുടെ ആവശ്യം യുവാക്കളെ കൂടി പരിഗണിച്ചെ തീരുമാനത്തിലെത്താന്‍ പറ്റൂ.
ജീവനക്കാരുടെ സഹായത്തോടെ സേവനാവകാശ നിയമവും ഇ ഗവേണ്‍സും നടപ്പിലാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇതിനായി ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും മോണിറ്ററിംഗ് രീതി നടപ്പാക്കുമെന്നും ജീവനക്കാരുടെ സഹായം ഇതിന്‌വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ മാനുഷിക പരിഗണനക്ക് കൂടി പ്രാമുഖ്യം നല്‍കണം. നിയമത്തിന്റെ ചട്ടത്തിനപ്പുറത്ത് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മാനുഷിക പരിഗണന വെച്ച് ജനങ്ങള്‍ക്ക് സേവനം നല്‍കണം. ഇതിന് തടസ്സം നില്‍ക്കുന്ന ചട്ടങ്ങളുടെ മാറ്റപ്പെടുത്തലുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജീവനക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഞെരുക്കങ്ങളുണ്ടാകുമ്പോഴും ജീവനക്കാരെ ബാധിക്കാത്ത രീതിയിലാണ് സര്‍ക്കാര്‍ ഭരണം കൊണ്ടുപോകാറ്. സര്‍ക്കാറിന് മേല്‍ വരുന്ന പ്രശ്‌നങ്ങള്‍ ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കില്ലെന്നും ജീവനക്കാരെ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസമായി നടന്ന് വന്ന കെ ജി ഒ യു സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ ജി ഒ യു പ്രസിഡന്റ് സി രാജന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം രവീന്ദ്രന്‍, കെ പി സി സി സെക്രട്ടറിമാരായ ജ്യോതികുമാര്‍ ചാമക്കാല, ജി രതികുമാര്‍, വി വി പ്രകാശ്, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, എസ് അജയന്‍ സംസാരിച്ചു.