Connect with us

Malappuram

കാട്ടാനയുടെ അടിയില്‍പ്പെട്ട റസാഖിന്റെ ഭയം ഇപ്പോഴും മാറുന്നില്ല

Published

|

Last Updated

എടക്കര: കാട്ടാനയുടെ അടിയില്‍പെട്ട റസാഖിന്റെ മുഖയത്തെ ഭയം ഇപ്പോഴും മാറുന്നില്ല. ചീറിയടുത്തു വരുന്ന ആനകളുടെ മുഖമാണിപ്പോഴും മനസ്സില്‍. ഓട്ടത്തിനിടയില്‍ നിലത്തുവീണ റസാഖിനെ മറികടന്നാണ് ആന മുന്നോട്ട് കുതിച്ചത്.
മുണ്ടേരി സംസ്ഥാന വിത്തു കൃഷി തോട്ടത്തിലെ തൊഴിലാളിയായ വഴിക്കടവ് കെട്ടുങ്ങലിലെ തെച്ചിക്കാടന്‍ റസാഖും സഹ തൊഴിലാളിയുമാണ് ശനിയാഴ്ച രാത്രിയില്‍ ആനകളുടെ ആക്രമണത്തിന് ഇരയായത്. തോട്ടത്തില്‍ കാവല്‍ ജോലിക്കിടെയാണ് സംഭവം. റസാഖിനൊപ്പമുണ്ടായിരുന്ന തോട്ടത്തിലെ കറളിക്കാടന്‍ അബുവിന് തലക്കും വാരിയെല്ലിനും സാരമായി പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രാത്രിയില്‍ തോട്ടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന ആനക്കൂട്ടത്തെ തുരുത്തുകയാണ് ഇവരുടെ ജോലി. മാളകെ പാറക്കല്‍ ബ്ലോക്കിലാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ആനക്കൂട്ടം ഉണ്ടെന്ന വിവരം ലഭിച്ചതിനാല്‍ നിരീക്ഷിച്ചാണ് ഇരുവരും സ്ഥലത്തെത്തിയത്. ഇതിനിടയിലാണ് രണ്ട് ആനകള്‍ മുന്നില്‍പ്പെട്ടത്.
ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതോടെ മോഴയാന ചിഹ്നം വിളിച്ച് ചീറിയടുക്കുകയായിരുന്നു. ഇതോടെ റസാഖും അബുവും ഓടി. ഓട്ടത്തിനിടയില്‍ റസാഖ് നിലത്തു വീണു. റസാഖിനെ മറി കടന്നാണ് ആന മുന്നോട്ട് നീങ്ങിയത്. ഈ മറി കടക്കലില്‍ ആനയുടെ കാലിലെ നഖം റസാഖിന്റെ കാലില്‍ തട്ടി മുറിപ്പെടുകയായിരുന്നു. പത്ത് മിനിറ്റോളം റസാഖ് എഴുന്നേല്‍ക്കാന്‍ കഴിയാതെ നിലത്തു കിടന്നു. ഓടുന്ന ഓട്ടത്തിനിടയിലാണ് അബുവിന് പരുക്കേറ്റത്.
ഈ സമയം മറ്റു തൊഴിലാളികളായ പി എം യാക്കോബ്, പറ്റന്‍ ശിവദാസന്‍, സുനില്‍ എന്നിവര്‍ തൊട്ടടുത്ത ബ്ലോക്കില്‍ ട്രാക്ടറില്‍ കറങ്ങി ആനക്കൂട്ടത്തെ നിരീക്ഷിച്ച് വരികയായിരുന്നു. വഴിയില്‍ വീണു കിടന്ന അബുവിനെ ഇവരാണ് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് റസാഖിനെയും കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest