Connect with us

Malappuram

വാണിയമ്പലം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന

Published

|

Last Updated

വണ്ടൂര്‍: വാണിയമ്പലം റയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് കടത്തും വില്‍പ്പനയും സജീവമാകുന്നു. കഴിഞ്ഞ ദിവസം ഇവിടത്തെ ഒരു ബേക്കറി നിര്‍മാണ കേന്ദ്രത്തില്‍ കാളികാവ് എക്‌സൈസ് റൈഞ്ച് സംഘം നടത്തിയ റൈഡില്‍ അഞ്ച് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വടകര സ്വദേശി നിസാര്‍ ആണ് പിടിയിലായത്. എന്നാല്‍ സംഘത്തിലെ മുഖ്യ കണ്ണി റൈഡ് നടക്കുന്നതിനിടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് വാണിയമ്പലത്തെ ബേക്കറി മൊത്ത വ്യാപാര സ്ഥാപനം നടത്തിവരുന്നത്.
നാല് വര്‍ഷം മുമ്പ് വിഷമദ്യ ദുരന്തം നടന്ന നാടാണ് വാണിയമ്പലം. അന്ന് ഒമ്പത് പേരാണ് വിഷകള്ള് കുടിച്ച് ഇവിടെ മരണപ്പെട്ടത്. ഇപ്പോള്‍ റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയാണ് കൊഴുക്കുന്നത്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് കടത്തുന്നതെന്നാണ് വിവരം. ബേക്കറി ഉല്‍പന്നങ്ങള്‍ എന്ന വ്യാജേനയായിരുന്നു കടത്ത്. ട്രെയിന്‍ നിര്‍ത്താത്ത ഭാഗങ്ങളില്‍ കുറ്റിക്കാടുകളിലേക്കു കഞ്ചാവ് ചാക്കുകള്‍ വലിച്ചെറിഞ്ഞ് വിതരണക്കാരില്‍ എത്തിക്കുന്ന രീതിയും ഉണ്ട്. മുന്‍കൂട്ടി മാബൈല്‍ ഫോണില്‍ വിളിച്ചുറപ്പിക്കുന്നതിനാല്‍ അല്‍പ്പനേരത്തിനുള്ളില്‍ തന്നെ കഞ്ചാവ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.