Connect with us

Kerala

ഓഡിറ്റിംഗിനോട് മുഖംതിരിച്ച് റോഡ് സുരക്ഷാ അതോറിറ്റി

Published

|

Last Updated

കൊച്ചി: കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ വരവുചെലവ് കണക്കുകള്‍ ഇതുവരെയും എക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിംഗിന് വിധേയമാക്കിയില്ല. കേരള റോഡ് സുരക്ഷാ അതോറിറ്റി ആക്ട് 2007ലെ വകുപ്പ് 25ല്‍ അതോറിറ്റിയുടെ കണക്കുകള്‍ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.
അതോറിറ്റി നിലവില്‍ വന്ന ശേഷം ഇതുവരെ 106.67 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍, എ ജിയുടെ ഓഡിറ്റിംഗിന് പകരം ഇന്റേണല്‍ ഓഡിറ്ററെ നിയോഗിക്കുകയാണ് അതോറിറ്റി ചെയ്തുവരുന്നത്. ഒരുവശത്ത് സര്‍ക്കാര്‍ റോഡ് സുരക്ഷാ അതോറിറ്റിക്ക് അനുവദിക്കുന്ന തുക പൂര്‍ണമായും ചെലവഴിക്കാതിരിക്കുമ്പോഴാണ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിംഗിനുള്ള വ്യവസ്ഥ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ വിസമ്മതിക്കുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന തുക മുഴുവനായും ചെലവഴിക്കാന്‍ അതോറിറ്റിക്ക് കഴിയുന്നില്ലെന്ന് വിവരാവകാശ നിയമ പ്രകാരം അതോറിറ്റി നല്‍കിയ വരവുചെലവ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ 2010- 11ല്‍ അതോറിറ്റിക്ക് സര്‍ക്കാര്‍ അനുവദിച്ചത് 15 കോടി രൂപയായിരുന്നുവെങ്കില്‍ ആ വര്‍ഷം ചെലവഴിച്ചത് 6.48 കോടി രൂപ മാത്രമാണ്. 26.41 കോടി രൂപയുടെ ബാലന്‍സ് ആ വര്‍ഷമുണ്ടായി. 2011-12ല്‍ സര്‍ക്കാര്‍ അനുവദിച്ച 15 കോടി രൂപ കൂടി ചേര്‍ക്കുമ്പോള്‍ 41 കോടി രൂപ അതോറിറ്റിയുടെ പക്കലുണ്ടായിരുന്നെങ്കിലും 27.82 കോടിയാണ് ചെലവഴിക്കപ്പെട്ടത്. ആ വര്‍ഷം ബാക്കിവന്ന 13.58 കോടി രൂപയും തൊട്ടടുത്ത വര്‍ഷം അനുവദിച്ച 15 കോടിയും ചേര്‍ത്ത് 28 കോടി രൂപ ചെലവഴിക്കാന്‍ കഴിയുമായിരുന്ന സ്ഥാനത്ത് 14.35 കോടി രൂപയാണ് 2012-13ല്‍ ചെലവഴിച്ചത്. 2013ല്‍ ബാക്കിവന്ന 14.22 കോടി രൂപയും 2013-14ല്‍ സര്‍ക്കാര്‍ അനുവദിച്ച 38.71 കോടി രൂപയും ചേര്‍ത്ത് 52 കോടി രൂപ അതോറിറ്റിക്ക് ചെലവഴിക്കാന്‍ കഴിയുമായിരുന്ന സ്ഥാനത്ത് 30.99 കോടിയാണ് ചെലവാക്കിയിട്ടുള്ളതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പോലീസ്, മോട്ടോര്‍വാഹനം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ക്കും എന്‍ ജി ഒകള്‍, കെല്‍ട്രോണ്‍, നാറ്റ്പാക്ക്, മീഡിയ എന്നിവക്കുമാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നത്. വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്തെ റോഡുകള്‍ യാത്രാസുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുകയാണ്. റോഡപകടങ്ങളുടെ നിരക്ക് ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2009നെ അപേക്ഷിച്ച് 2010ല്‍ മോട്ടോര്‍വാഹന അപകടങ്ങളുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവ് വന്നെങ്കില്‍ 2011ല്‍ 0.38 ശതമാനവും 2012 ല്‍ 2.7 ശതമാനവും വര്‍ധന രേഖപ്പെടുത്തി. 2013ല്‍ 2.65 ശതമാനത്തിന്റെ കുറവുണ്ടായി. 2012ല്‍ 36,174 റോഡപകടങ്ങളില്‍ 4286 പേര്‍ മരിച്ച സ്ഥാനത്ത് 2013ല്‍ 35,215 അപകടങ്ങളിലായി 4258 പേര്‍ മരിച്ചു. 2014ലെ കണക്ക് സര്‍ക്കാര്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല.
റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിംഗ് ഒഴിവാക്കുന്നത് ദുരൂഹമാണെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി ബി ബിനു പറയുന്നു.

Latest