Connect with us

Gulf

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് സേവന നിരക്ക് വര്‍ധിപ്പിച്ചേക്കും

Published

|

Last Updated

മസ്‌കത്ത് :ജി സി സിയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കയക്കുന്ന പണത്തിന് സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ട്. യു എ ഇ, ഖത്തര്‍ എന്നിവിടങ്ങളിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ ഇന്ത്യക്കാരില്‍ നിന്ന് സേവന നിരക്ക് കൂടുതലായി ഈടാക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനവുമായി ഇന്ത്യന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സി ബി ഇ സി) മുന്നോട്ടുപോകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യക്കാരില്‍ നിന്ന് സേവന നിരക്ക് കൂടുതല്‍ ഈടാക്കുമെന്ന് യു എ ഇ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഉസാമ അല്‍റാഹ വ്യക്തമാക്കി.
നികുതി ഈടാക്കുന്ന നടപടിയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെങ്കില്‍ സേവന നിരക്ക് വര്‍ധിപ്പിക്കാതെ മറ്റൊരു നിര്‍വാഹവും തങ്ങള്‍ക്കില്ലെന്നും തീരുമാനം പുനഃപരിശോധിച്ച് നികുതി ചുമത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ നികുതി ചുമത്തുന്ന നടപടിയുമായി മുന്നോട്ടുപോയാലും പ്രവാസികളില്‍ നിന്ന് സേവന നിരക്ക് കൂടുതലായി ഈടാക്കില്ലെന്ന് ഒമാനിലെ മണി എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തിയാല്‍ തന്നെയും നിലവില്‍ ഒമാനിലെ പ്രവാസികളില്‍ നിന്ന് വാങ്ങുന്ന നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്നും അങ്ങനെ വന്നാല്‍ ഒമാന്‍ സെന്റര്‍ ബേങ്കില്‍ നിന്നും മറ്റും നടപടി സ്വീകരിക്കേണ്ടിവരുമെന്നും അല്‍ ജദീദ് മണി എക്‌സ്‌ചേഞ്ച് മാനേജര്‍ രാജന്‍ വ്യക്തമാക്കി. തങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഈടാക്കുകയാണെങ്കില്‍ അതിന്റെ ഭാരം മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ജി സി സിയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന പണത്തിന് നികുതി ചുമത്താന്‍ ലോക ബേങ്കിന്റെ പിന്തുണ കേന്ദ്ര സര്‍ക്കാര്‍ തേടിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം മുമ്പ് നടന്ന ജി 20 ഉച്ചകോടിയില്‍ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഇന്ത്യന്‍ സര്‍ക്കാര്‍ ഉന്നയിച്ചത്.
2013- 14 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് 7100 കോടി ഡോളര്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ നാട്ടിലെത്തുന്ന പണത്തിന് നികുതി ചുമത്താനുള്ള അംഗീകാരം ലഭിക്കണമെന്നും സര്‍ക്കാര്‍ മേധാവികള്‍ ലോക ബേങ്കിനോട് ആവശ്യപ്പെട്ടിരുന്നു. വിദേശരാജ്യങ്ങളിലേക്കയക്കുന്ന പണത്തിന്റെ തോത് പത്ത് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറക്കണമെന്ന് 2009ല്‍ ലോക ബേങ്ക് എടുത്ത തീരുമാനം പൂര്‍ത്തിയാക്കണമെങ്കില്‍ നികുതി ചുമത്തണമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest