Connect with us

International

ഫലസ്തീന് നല്‍കേണ്ട ഫണ്ട് ഇസ്‌റാഈല്‍ മരവിപ്പിച്ചു

Published

|

Last Updated

ജറൂസലം: ഫലസ്തീന് നല്‍കേണ്ട ലക്ഷക്കണക്കിന് ഡോളര്‍ ഫണ്ട് ഇസ്‌റാഈല്‍ മരവിപ്പിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുന്നതിന് ഫലസ്തീന്‍ ശ്രമിക്കുന്നതില്‍ പ്രകോപിതരായാണ് ഇസ്‌റാഈലിന്റെ നടപടി. ഇസ്‌റാഈലിലൂടെ കടന്ന് വരുന്ന വസ്തുക്കള്‍ക്കുള്ള മൂല്യവര്‍ധിത നികുതി, കസ്റ്റംസ് ഡ്യൂട്ടി ഇനത്തിലാണ് 1.27 കോടി ഡോളറിന്റെ ഫണ്ട് ഇസ്‌റാഈല്‍ നല്‍കാനുള്ളത്. പിരിച്ചെടുത്ത ഈ തുക മരവിപ്പിച്ചിരിക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ പത്രമായ ഹാരത്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ മാസത്തെ തുക വെള്ളിയാഴ്ച നല്‍കേണ്ടതായിരുന്നു. എന്നാല്‍ തത്കാലം തുക നല്‍കേണ്ടെന്ന് നിലപാടെടുക്കുകയായിരുന്നു ഇസ്‌റാഈലെന്ന് പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് റിപ്പോര്‍ട്ട് ചെയ്തു. യു എന്നിലെ ക്ഷണിതാവ് രാഷ്ട്രമെന്ന നിലയില്‍ ഐ സി സി യില്‍ അംഗമാകുന്നതിന് ഫലസ്തീന്‍ ശ്രമം ആരംഭിച്ചിരുന്നു. ഇത് സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്നായിരുന്നു അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും വാദം.
അതേസമയം, “ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തിന്റെയും കൂട്ടുക്കുരുതിയുടെയും പേരില്‍ ഫലസ്തീന്‍ ജനതക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ഇതിനാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുന്നതെ”ന്നും ഫല്‌സ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കുന്നു. ഐ സി സിയില്‍ ചേരുന്നതിനുള്ള റോം കരാറില്‍ അദ്ദേഹം ഒപ്പു വെച്ച് കഴിഞ്ഞു. മറ്റ് കരാറുകളില്‍ കൂടി ഒപ്പു വെക്കുന്നതോടെ ഫലസ്തീന്‍ ഐ സി സിയില്‍ അംഗമാകും. രാഷ്ട്രപദവിയിലേക്കുള്ള ധീരമായ ചുവടുവെപ്പായിരിക്കും ഇത്. 60 ദിവസത്തിനകം അംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ സി സി യില്‍ അംഗത്വം ലഭിക്കുന്ന 123ാമത്തെ രാജ്യമായിരിക്കും ഫലസ്തീന്‍. ഇസ്‌റാഈല്‍ ഐ സി സിയില്‍ അംഗമല്ല. മാത്രമല്ല ഐ സി സിയെ അവര്‍ മാനിക്കുന്നുമില്ല. ഇസ്‌റാഈലിനെതിരെയുള്ള യുദ്ധക്കുറ്റ വിചാരണ, അനധികൃത കുടിയേറ്റത്തിനെതിരായ പ്രോസിക്യൂഷന്‍ എന്നിവയാണ് ഫലസ്തീന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
യു എന്‍ രക്ഷാ സമിതിയില്‍ ഫലസ്തീന്‍ കൊണ്ടു വന്ന പ്രമേയത്തെ അമേരിക്ക ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഐ സി സിയില്‍ അംഗത്വത്തിന് ഫലസ്തീന്‍ അപേക്ഷ നല്‍കിയത്. 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും യു എന്‍ രക്ഷാസമിതിയെ സമീപിക്കാനിരിക്കുകയാണ്.
ഐ സി സി അംഗത്വത്തെ ഇസ്‌റാഈല്‍ ഭയക്കുന്നുവെന്നാണ് ഫണ്ട് മരവിപ്പിച്ച നടപടി വ്യക്തമാക്കുന്നതെന്ന് ഫലസ്തീന്‍ മുഖ്യ നയതന്ത്ര പ്രതിനിധി സഈബ് എറകാത്ത് പറഞ്ഞു. 2012ല്‍ ക്ഷണിതാവ് രാഷ്ട്രമായി ഫലസ്തീനെ അംഗീകരിച്ചപ്പോഴും ഇതേ രീതിയില്‍ ഇസ്‌റാഈല്‍ ഫണ്ട് മരവിപ്പിച്ചിരുന്നു. അതിനിടെ, ഫലസ്തീനുള്ള സഹായധനം മരവിപ്പിക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കി.