Connect with us

Business

സൂചികകള്‍ കുതിച്ചു പാഞ്ഞു നിക്ഷേപകര്‍ക്ക് ആവേശം

Published

|

Last Updated

നിക്ഷേപകരെ ആവേശം കൊള്ളിച്ച് ഓഹരി സൂചികകള്‍ കുതിച്ചു പാഞ്ഞു. പുതു വര്‍ഷത്തിന്റെ ആദ്യവാരം പിന്നിടുമ്പോള്‍ പ്രമുഖ ഇന്‍ഡക്‌സുകള്‍ രണ്ട് ശതമാനത്തില്‍ അധികം ഉയര്‍ന്നു. ബോംബെ സെന്‍സെക്‌സ് 646 പോയിന്റും നിഫ്റ്റി 195 പോയിന്റും കഴിഞ്ഞവാരം കയറി. വിദേശ ഫണ്ടുകള്‍ ആദ്യ നാലു സിവസങ്ങളില്‍ ഏതാണ്ട് 102 മില്യന്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങി കൂട്ടി.
കാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യുമര്‍ ഗുഡ്‌സ്, സ്റ്റീല്‍, പവര്‍, ബേങ്കിംഗ്, ഓട്ടോമൊബൈല്‍, റിയാലിറ്റി, എഫ് എം സി ജി വിഭാഗം ഓഹരികള്‍ പിന്നിട്ടവാരം മികവ് കാണിച്ചു. മുന്‍ നിരയിലെ 30 ഓഹരികളില്‍ 27 എണ്ണവും നേട്ടത്തിലാണ് വാരാന്ത്യം.
ബി എച്ച് ഇ എല്‍ 9.39 ശതമാനം ഉയര്‍ന്നു. ടാറ്റാ മോട്ടേഴ്‌സ്, ഹിന്‍ഡാല്‍ക്കോ, ടാറ്റാ സ്റ്റീല്‍, എച്ച് ഡി എഫ് സി, ആക്‌സിസ് ബേങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ ബേങ്ക്, ഇന്‍ഫോസീസ്, എയര്‍ടെല്‍, ഡോ: റെഡീസ്, ടാറ്റാ പവര്‍ തുടങ്ങിയവ മികവ് കാണിച്ചു.
ബി എസ് ഇ മിഡ് കാപ്, സ്‌മോള്‍ കാപ് ഇന്‍ഡക്‌സുകളിലും മുന്നേറ്റം ദൃശ്യമായി. പോയവാരം ബി എസ് ഇ യില്‍ 11,892.08 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 56,194.52 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു.
ബി എസ് ഇ സൂചിക 27,267 ല്‍ നിന്നുള്ള കുതിപ്പില്‍ 27,937 പോയിന്റ് വരെ കയറിയ ശേഷം 27,887 ല്‍ ക്ലോസിംഗ് നടന്നു. ഈ വാരം വിപണിക്ക് മുന്നിലുള്ള തടസം 28,127-28,376 ലാണ്. പ്രതികൂല സാഹചര്യമുണ്ടായാല്‍ 27,457-27,027 ല്‍ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്റ്റി സൂചിക 8214 ല്‍ നിന്നുള്ള കുതിപ്പില്‍ 8410 വരെ കയറി. വാരാന്ത്യം സൂചിക 8395 ലാണ്. സൂചിക അതിന്റെ 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളില്‍ ഇടം കണ്ടെത്തിയത് ബുള്‍ ഇടപാടുകാര്‍ക്ക് ആശ്വാസമാകും.
കേന്ദ്ര ബേങ്കിന്റെ നീക്കങ്ങളെ ഉറ്റ്‌നോക്കുകയാണ് വിപണി. നാണയപെരുപ്പം താഴ്ന്നതിനാല്‍ വായ്പാ അവലോകനത്തില്‍ പലിശ നിരക്ക് ആര്‍ ബി ഐ കുറക്കുമെന്നാണ് വിലയിരുത്തല്‍. പലിശ കുറഞ്ഞാല്‍ വിപണിയില്‍ പണത്തിന്റെ ലഭ്യത ഉയരും. അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിനു നേരിട്ട തളര്‍ച്ച ഡോളറിന്റെ കരുത്തു വര്‍ധിപ്പിച്ചു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകളില്‍ ഭേദഗതികള്‍ വരുത്തുമെന്ന് ഇതിനകം വ്യക്തമാക്കി.
ഏഷ്യന്‍ ഓഹരി വിപണികള്‍ പലതും ചാഞ്ചാടി. സിംഗപ്പുര്‍, കൊറിയ, ഇന്തോനേഷ്യ, ഹോംഗ്‌കോംഗ് മാര്‍ക്കറ്റുകള്‍ നേട്ടം കൈവരിച്ചപ്പോള്‍ ജപ്പാന്‍, ചൈന, മലേഷ്യ ഓഹരി സൂചികകള്‍ താഴ്ന്നു. അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു.

Latest