Connect with us

National

പുതിയ തലസ്ഥാന നിര്‍മാണം: ആന്ധ്രാപ്രദേശ് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം

Published

|

Last Updated

ഹൈദരാബാദ്: പുതിയ തലസ്ഥാന രൂപവത്കരണത്തിനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം. ഇതിനായി കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലായി സംസ്ഥാന സര്‍ക്കാര്‍ 7,068 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. 122 ചതുരശ്ര കിലോ മീറ്റര്‍ വ്യപ്തിയില്‍ ആന്ധ്ര തലസ്ഥാന നഗരിയും പരിസര ഭാഗങ്ങളില്‍ വ്യവസായ സ്ഥാപനങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ഭൂമി ഏറ്റെടുക്കലിനെതിരെയും സാമൂഹിക പ്രവര്‍ത്തകരടക്കം നിരവധിയാളുകള്‍ പ്രതിഷേധവുമായി ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
തലസ്ഥാന നഗരിയായി തീരുമാനിച്ചിട്ടുള്ള വിശാലമായ സ്ഥലത്തെ മൂന്നിലൊന്ന് ഭാഗവും വിവിധയിനം ധാന്യങ്ങള്‍ കൃഷിചെയ്യുന്ന അമൂല്യമായ പ്രദേശമാണെന്നും പൊതു ആവശ്യങ്ങള്‍ക്കായി പോലും ഏറ്റെടുക്കുന്നതിന് നിരോധമുള്ളതാണെന്നും സന്നദ്ധ സംഘടനാ നേതാവ് എം ജി ദേവസഹായം പറഞ്ഞു. പൊതുജന താത്പര്യം സംരക്ഷിക്കാതെയുള്ള ഭരണകൂടത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും വേണ്ടി സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാഷനല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനക്ക് രൂപം കൊടുത്തിരിക്കുകയാണ് ദേവസഹായം. 29 ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തലസ്ഥാന നഗരിയായി പരിഗണനയിലുള്ള സ്ഥലം. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം രഹസ്യമായും കൂടിയാലോചിക്കാതെയുമാണെന്ന ആരോപണം സംസ്ഥാനത്താകെ ശക്തമാണ്.
ഉയര്‍ന്ന നിരക്കില്‍ ജനസംഖ്യയുള്ളതും ഫലഭൂയിഷ്ഠമായ കൃഷികള്‍ വിളയുന്നതുമായ ഭൂമി തലസ്ഥാന രൂപവത്കരണത്തിനായി കൈയേറുന്നത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഈ പ്രദേശങ്ങള്‍ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും ഭൂ വിഭവങ്ങള്‍ ദൈവത്തിന്റെ വരദാനമാണെന്നും ദേവസഹായം ചൂണ്ടിക്കാട്ടി. തലസ്ഥാന നഗര വികസന നിയമം മറ്റു വികസന പദ്ധതികളെ പോലെ വിദ്ഗ്ധാഭിപ്രായത്തിന് വിട്ടിട്ടില്ല. മാത്രമല്ല, ആയിരത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായി മാറിയിട്ടും മാസ്റ്റര്‍ പ്ലാനെ കുറിച്ചും കൂടിയാലോചന നടന്നിട്ടില്ല. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം സാമൂഹികമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള നിര്‍ണയവും നടന്നിട്ടില്ല എന്നും ദേവസഹായം പറഞ്ഞു.
സാമൂഹികപ്രവര്‍ത്തകരുടെ നിരീക്ഷണ പ്രകാരം പൂര്‍ണമായും നഗര വത്കൃതമായ സിംഗപൂര്‍ പോലെയുള്ള സ്ഥലങ്ങള്‍ കര്‍ഷക ഭൂരിപക്ഷ പ്രദേശമായ ആന്ധ്രപ്രദേശിന് മാതൃകയല്ല എന്നാണ്. കൂടാതെ ഇന്ത്യക്ക് മികച്ച നഗരാസൂത്രണ വിദഗ്ധര്‍ ഉണ്ടായിരിക്കെ ചെറിയൊരു നഗരത്തെ ആശ്രയിച്ച് എല്ലാം എന്ന തീരുമാനം പരിഹാസ്യമാണെന്നും സാമൂഹിക നിരീക്ഷകര്‍ പറയുന്നു.
എന്നാല്‍ ജലസേചനം നടക്കാത്ത 5000/6000 ഏക്കര്‍ ഭൂമിയില്‍ പത്ത് ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക് ഭരണാസ്ഥാനത്തിന് ഏറ്റവും പുതിയ നഗരാസൂത്രണത്തിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ് ബദല്‍ മാര്‍ഗമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാദേശികമായി അനുയോജ്യമായ കാര്യങ്ങളും പുരോഗതിക്കായി പരിഗണിക്കാമെന്നും ചാണ്ഡിഗഢിലെ മുന്‍ ഐ എ എസ് ഓഫീസര്‍ കൂടിയായ ദേവസഹായം പറഞ്ഞു.
കര്‍ഷകരെ ഉപദ്രവിച്ച് തലസ്ഥാന രൂപവത്കരണ ശ്രമവുമായി മുന്നോട്ട് പോകാനുള്ള നീക്കത്തെ എന്തു വില കൊടുത്തും തടയുമെന്നും ഇരകള്‍ക്ക് വേണ്ടി നിയമപരമായ മാര്‍ഗത്തിലൂടെ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രതിപക്ഷമായ വൈ എസ് ആര്‍ കോണ്‍ഗ്രസ് അറിയിച്ചു. ഇപ്പോഴത്തെ സര്‍ക്കാറിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ടി ഡി പി കടുത്ത സമ്മര്‍ദ തന്ത്രവുമായി നീങ്ങുകയാണെന്നും അവരുടെ ഭൂമി വീതിക്കാന്‍ തയ്യാറാകാതെ നിര്‍മാണം വേഗത്തിലാക്കാന്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും വൈ എസ് ആര്‍ എം എല്‍ എ രാമകൃഷ്ണ റെഢി ആരോപിച്ചു. പാര്‍ട്ടി നേതാവ് ജഗന്‍ മോഹന്‍ റെഢി സംസ്ഥാനത്ത് പുതിയ തലസ്ഥാനം രൂപവത്കരിക്കുന്നതിനെതിരല്ല. പക്ഷെ ചര്‍ച്ച ചെയ്യാതെ സ്ഥലം ഏറ്റെടുക്കന്നതിനോടും 29 ഗ്രമാങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയോടും കടുത്ത പ്രതിഷേധമാണെന്നും രാമകൃഷ്ണ റെഢി കൂട്ടിച്ചേര്‍ത്തു. 30,000 ഏക്കര്‍ ഭൂമിയില്‍ മാത്രമായി ചുരുക്കി കൃഷി സ്ഥലങ്ങളെ സംരക്ഷിക്കണെമെന്ന് ദേവസഹായം പറഞ്ഞു.
ലോക നിലവാരത്തില്‍ നഗരം നിര്‍മിക്കുമ്പോള്‍ സര്‍ക്കാര്‍ നിലവിലുള്ള ടൗണുകളെയും നഗരങ്ങളെയും കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കുടിവെള്ളം, സുരക്ഷിതമായ യാത്ര മാര്‍ഗം, പൊതുമരാമത്ത്, ശുചീകരണം , മലിനീകരണ സംസ്‌കരണം തുടങ്ങിയവ ഉറപ്പുവരുത്തേണ്ടതുണ്ട്.
എന്നാല്‍ 29 ഗ്രമങ്ങളില്‍ നിന്നായി ഈ മാസം പകുതിയോടെ ആദ്യ ഘട്ടമെന്നോണം 30,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാന രൂപവത്കരണ നിയമം പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ 50,000 ഏക്കര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത്. ജൂണ്‍ അവസാനത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുമന്നും സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

Latest