Connect with us

Kerala

സ്‌കൂള്‍ കലോത്സവം: പങ്കെടുക്കുന്നവര്‍ക്കെല്ലാം ട്രോഫി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തുന്ന പ്രതിഭകള്‍ക്കെല്ലാം ട്രോഫി. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രോഫി നല്‍കാനാണ് ട്രോഫി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 236 ഇനങ്ങളിലായി 12500 പ്രതിഭകളാണ് കലോത്സവത്തിനെത്തുന്നത്.

എ കെ ശശീന്ദ്രന്‍ എം എല്‍ എ ചെയര്‍മാനും ടി എ നാരായണന്‍ കണ്‍വീനറുമായ ട്രോഫി കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയിരുന്ന പ്രത്യേക ട്രോഫികള്‍ക്ക് പുറമെയാണ് എല്ലാവര്‍ക്കും ട്രോഫി നല്‍കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട വിവിധ സബ് കമ്മറ്റികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. കലോത്സവ സ്വര്‍ണക്കപ്പിന്റെ നഗര പ്രദക്ഷിണം ഈ മാസം 12 ന് നടക്കും.
വൈകുന്നേരം 3 മണിക്ക് ബി ഇ എം ഹൈസ്‌കൂളില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര പാളയം, പൂന്താനം ജംഗ്ഷന്‍, മാവൂര്‍ റോഡ്, എല്‍ ഐ സി, ക്രിസ്ത്യന്‍ കോളജ്, കിഴക്കെ നടക്കാവ് വഴി ബി ഇ എം ഹൈസ്‌കൂളില്‍ സമാപിക്കും. പാളയം, ചിന്താവളപ്പ്, മാവൂര്‍ റോഡ്, ബി ഇ എം ഹെഡ്‌പോസ്റ്റാപ്പീസ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, നടക്കാവ് ഹൈസ്‌കൂള്‍, നടക്കാവ് ഈസ്റ്റ്, ഫാത്തിമ എന്നിവിടങ്ങളില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സ്വര്‍ണ്ണക്കപ്പിന് സ്വീകരണം നല്‍കും.
17 മത്സര വേദികളിലും വെച്ചു തന്നെ സമ്മാനദാനം നിര്‍വഹിക്കാനാണ് തീരുമാനം. സാംസ്‌കാരിക സമ്മേളനത്തിന് മുന്നോടിയായി റോളിംഗ് ട്രോഫികള്‍ വിതരണം ചെയ്യും. 17 വേദികള്‍ക്കരികിലും ട്രോഫി ഹെല്‍പ്പ് ഡസ്‌കുകള്‍ സ്ഥാപിക്കും. സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും ലഭിച്ചില്ലെന്ന പരാതി ഒഴിവാക്കാനാണ് കമ്മിറ്റിയുടെ തീവ്ര പരിശ്രമം.

Latest