Connect with us

Kerala

'മാതൃകാ മത്സ്യഗ്രാമം' പദ്ധതി കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: സംസ്ഥാനത്ത് മാതൃക മത്സ്യഗ്രാമം പദ്ധതി കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ണമായി ഫലം കണ്ടില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ച് വിജയകരമാക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത് . പതിമൂന്നാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ഷ പ്രകാരമാണ് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മത്സ്യഗ്രാമങ്ങളെ സമഗ്ര വികസനത്തിലൂടെ മാതൃകാ മത്സ്യഗ്രാമങ്ങളായി വികസിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ മത്സ്യഗ്രാമങ്ങളിലേക്കും രണ്ടാം ഘട്ടത്തോടെ ഈ പദ്ധതി വ്യപിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. മത്സ്യഗ്രാമങ്ങളിലെ ഭവനരഹിതരായ 2867 മത്സ്യ തൊഴിലാളികള്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കുന്നതിന് 57.34 കോടി രൂപ ചെലവഴിച്ച് വരുന്നു. കൂടാതെ സംസ്ഥാനത്തെ ഫിഷര്‍മന്‍ കോളനികളിലെ മത്സ്യത്തൊഴിലാളി ഭവനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും 25 കോടി രൂപ ചെലവഴിച്ച് വരുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 മത്സ്യത്തൊഴിലാളി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി രൂപ ചെലവഴിച്ച് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. 13 ാം ധനകാര്യ കമ്മീഷന്‍ ധനസഹായത്തിലുള്‍പ്പെടുത്തി 2762 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പുതിയ ടോയിലെറ്റുകള്‍ നിര്‍മിക്കുന്നതിന് 4.83 കോടി രൂപയും 1000 മല്‍സ്യത്തൊഴിലാളി ഭവനങ്ങള്‍ നവീകരിക്കുന്നതിന് 5 കോടിയും ചെലവഴിച്ച് വരുന്നു. സംസ്ഥാനത്തെ 10 ഫിഷറീസ് സ്‌കൂള്‍ പുനരുദ്ധാരണത്തിനായി 2516.50 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് നിര്‍വഹണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്.
കൂടാതെ 13 ാം ധനകാര്യ കമ്മീഷനില്‍ ഉള്‍പെടുത്തി തിരുവനന്തപുരം ജില്ലയിലെ വലിയതുറ ,ചെറിയതുറ ,കൊച്ചുതോപ്പ് ,വലിയതോപ്പ് എന്നിവിടങ്ങളില്‍ 300 ലക്ഷം രൂപയുടെ കുടിവെളള പദ്ധതി, 350 ലക്ഷം രൂപയുടെ വൈദ്യുതീകരണം, 74 ലക്ഷം രൂപയുടെ ഫിഷറീസ് റോഡ് നിര്‍മാണം, 63 ലക്ഷം രൂപയുടെ അങ്കണ്‍വാടി നിര്‍മാണം,150 ലക്ഷം രൂപ ചെലവഴിച്ച് വലിയതുറ ഫിഷറീസ് ആസ്പത്രിയുടെ നിര്‍മാണം, ബേപ്പൂര്‍, മാറാട് എന്നിവിടങ്ങളില്‍ 40 ലക്ഷം രൂപയുടെ വൈദ്യുതീകരണം, 70 ലക്ഷം രൂപയുടെ കുടിവെളള പദ്ധതി, 20 ലക്ഷം രൂപയുടെ ഫിഷറീസ് റോഡ് നിര്‍മാണം, 128 ലക്ഷം രൂപ ചെലവഴിച്ച് ബോപ്പൂര്‍ ജി എസ്.എസ് സകൂള്‍ കെട്ടിട നിര്‍മാണം ,ആനാപ്പുഴയില്‍ 8 ലക്ഷം രൂപ ചെലവഴിച്ച് ഹൈമാസ് ലൈറ്റ് നിര്‍മാണം എന്നിവ മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പുരോഗമിച്ച് വരുന്നു.
എന്നാല്‍ സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിക്കായി 2012-13 മുതല്‍ 2014-15 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ വകയിരുത്തിയ 114 കോടി രൂപ ഉപയോഗിച്ച് സംസ്ഥാനത്തെ വികസനപരമായി പിന്നാക്കം നില്‍കുന്ന 57 മത്സ്യഗ്രാമങ്ങളില്‍ കുടിവെളള വിതരണം ,വൈദ്യുതീകരണം ,സാനിറ്റേഷന്‍ ,ലൈബ്രററി നിര്‍മാണം, ജീവനോപാധി സഹായം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.