Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാം വാരം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാം വാരം നടക്കും. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കും വിധമാകും തിരഞ്ഞെടുപ്പ് നടപടികള്‍ ക്രമീകരിക്കുക. വോട്ടിംഗ് യന്ത്രം, ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക, പ്രവാസി വോട്ട് തുടങ്ങി ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിന് പ്രത്യേകതകളേറെയുണ്ട്.
വാര്‍ഡ് പുനര്‍വിഭജനവും പുതിയ നഗരസഭാ, പഞ്ചായത്തുകളുടെ രൂപവത്കരണവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഡീ ലിമിറ്റേഷന്‍ നടപടികള്‍ വൈകുന്നത് സുഗമമായ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് – നഗരസഭാ വിഭജനവും വാര്‍ഡ് പുനര്‍വിഭജനവും സംബന്ധിച്ച് യു ഡി എഫ് ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും തീരുമാനം വൈകുകയാണ്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കൂടി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രമാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക. ഒരു വോട്ട് ചെയ്യാന്‍ കഴിയുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രം. ഈ മാതൃകയിലുള്ള യന്ത്രമാണ് മുനിസിപ്പല്‍, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് യന്ത്രം വെച്ച് വോട്ടെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുന്നതിനാല്‍ മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. 35,000 മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം വാങ്ങുന്നതിനായി കമ്മീഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ജനുവരി അവസാനത്തോടെ ഇത് ലഭ്യമായി തുടങ്ങും.
നഗരസഭകളും പഞ്ചായത്തുകളും ചേര്‍ത്ത് 37,000ത്തോളം ബൂത്തുകളാണ് നിലവിലുള്ളത്. ഇതില്‍ 31,000 ബൂത്തുകള്‍ ത്രിതല പഞ്ചായത്ത് മേഖലകളിലാണ്. വോട്ടിംഗ് യന്ത്രത്തിലേക്ക് മാറുന്നതോടെ പോളിംഗ് നടപടികള്‍ക്കൊപ്പം വോട്ടെണ്ണലും സുഗമമാകും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ രണ്ടാം ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ഒരു ബൂത്തില്‍ എട്ട് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് യന്ത്രം വരുന്നതോടെ അഞ്ചായി കുറയും.
ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക മാതൃകയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ (എന്‍ ഐ സി) സാങ്കേതിക സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരെ കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പിന് മുമ്പ് കരട് വേട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും അവസരവും നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഭൂപടങ്ങള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുന്ന നടപടിയും അന്തിമ ഘട്ടത്തിലാണ്. സംസ്ഥാന ഡി ലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള 2010ലെ വാര്‍ഡ് വിഭജന ഉത്തരവുകള്‍ക്കു വിധേയമായും സര്‍വേ വകുപ്പ് ജില്ലാതലത്തില്‍ തയ്യാറാക്കിയിട്ടുള്ള രാഷ്ട്രീയ ഭൂപടത്തെ അടിസ്ഥാനമാക്കിയുമാണ് സംസ്ഥാനത്തെ 1,209 തദ്ദേശ സ്ഥാപനങ്ങളുടെ ഭൂപടം തയ്യാറാക്കുന്നത്. വാര്‍ഡ് വിഭജനം ഉണ്ടായാല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ഇത്തരം ഭൂപടം തയ്യാറാക്കുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച മാതൃകയില്‍ പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കി പഞ്ചായത്തീരാജ്, മുനിസിപ്പല്‍ ഭേദഗതി ബില്‍ പാസാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരാതെ തന്നെ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോയെന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് തദ്ദേശ വകുപ്പ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാത്രമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുള്ളത്. വോട്ട് ചെയ്യണമെങ്കില്‍ നാട്ടിലെ ബൂത്തിലെത്തിയേ മതിയാകൂ.

Latest