Connect with us

National

ബോട്ട് പൊട്ടിത്തെറി: സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് ഇന്ത്യന്‍ തീരദേശ സേന പിന്തുടരുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ പാക് ബോട്ട് പൊട്ടിത്തെറിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ വാക് പോര്. ബോട്ടിനെ കുറിച്ച് സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
പാക്കിസ്ഥാന്റേതെന്ന് എന്‍ ഡി എ സര്‍ക്കാര്‍ പറയുന്ന ബോട്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടനയുടെ പേര് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ആവശ്യപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സര്‍ക്കാറിന്റെ വാദഗതികളെ ചോദ്യം ചെയ്ത് അദ്ദേഹം രംഗത്തെത്തിയത്. പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് ഇതു സംബന്ധിച്ച് പുറത്തുവരുനന്നതെന്നും വലിയൊരു ഭീകര ആക്രമണം ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളുടെ കൃത്യമായ തെളിവ് ഇത് വരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെ എന്‍ ഡി എ സര്‍ക്കാര്‍ തെറ്റായ തരത്തില്‍ വ്യാഖ്യാനിക്കുകയാണ്. ദേശീയ സുരക്ഷ ലളിതമായ ഒരു വിഷയമല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഭവങ്ങളുടെ ആഴങ്ങളിലേക്ക് സര്‍ക്കാര്‍ പോകണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്‌വിയും പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസിന്റെ ഈ വാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന് കോണ്‍ഗ്രസ് ഓക്‌സിജന്‍ പകരുകയാണെന്ന് ബി ജെ പി വക്താവ് സാംബിത് പത്ര പറഞ്ഞു. ഇത്തരം സംഭവങ്ങളെ കുറിച്ച് കോണ്‍ഗ്രസ് ഈ രീതിയില്‍ പ്രതികരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ക്ക് രഹസ്യ സ്വഭാവമുള്ളതിനാല്‍ പൊതുജനമധ്യത്തില്‍ വിളിച്ചുപറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദത്തിനെതിരായ നീക്കങ്ങളില്‍ സര്‍ക്കാറിന് പിന്തുണയേകുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിന് ഇന്ത്യന്‍ തീരസംരക്ഷണ സേനയെ വിശ്വാസമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, കോണ്‍ഗ്രസിന്റെ വാദഗതികള്‍ തള്ളി തീര സംരക്ഷണ സേന രംഗത്തെത്തി. സേന പിന്തുടര്‍ന്ന ബോട്ട് തീവ്രവാദികളുടേത് തന്നെയായിരുന്നുവെന്ന് തീര സംരക്ഷണ സേന ഐ ജി (നോര്‍ത്ത്, വെസ്റ്റ്) കുല്‍ദീപ് സിംഗ് ശോറന്‍ പറഞ്ഞു. ബോട്ടിലുണ്ടായിരുന്നത് വെറും കൊള്ളക്കാരാണെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊള്ളക്കാര്‍ ഇത്തരത്തില്‍ ബോട്ട് തീവെക്കുകയോ സ്‌ഫോടനം സൃഷ്ടിക്കുകയോ ചെയ്യുല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. രണ്ട് ബോട്ടുകള്‍ സംശയാസ്പദമായി കണ്ടിരുന്നുവെന്ന റിപ്പോര്‍ട്ട് അദ്ദേഹം തള്ളിക്കളഞ്ഞു. ബോട്ടിലുണ്ടായിരുന്നവരെ സംശയത്തിന്റെ പുറത്ത് പിന്തുടരുകയായിരുന്നില്ല. മറിച്ച് അവരുടെ വേഷവും മറ്റും മീന്‍പിടിത്തക്കാരുടേതല്ലെന്ന് വ്യക്തമായതിനാലാണ് പിന്തുടര്‍ന്നത്. നാല് പേരെയാണ് ബോട്ടില്‍ കണ്ടത്. അവര്‍ ടി ഷര്‍ട്ടുകളും ഹാഫ് പാന്റുകളുമാണ് അണിഞ്ഞിരുന്നതെന്ന് ഐ ജി വിശദീകരിച്ചു. എന്നാല്‍, പൊട്ടിത്തെറിച്ച ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതും വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച പുലര്‍ച്ചെക്കുമിടയിലാണ് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിറച്ച് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഗുജറാത്തിലെ പോര്‍ബന്തറിന് സമീപത്ത് വെച്ച് പൊട്ടിത്തെറിച്ചത്. കറാച്ചിക്ക് സമീപമുള്ള കേതിബന്ധറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ വഹിച്ച് ബോട്ട് പുറപ്പെട്ടതായി ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശ സേന പരിശോധന നടത്തിയത്. ബോട്ടിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Latest