Connect with us

Editorial

മനുഷ്യര്‍, മനുഷ്യര്‍

Published

|

Last Updated

സിറിയയില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ താഴെയിറക്കാനായി തുടങ്ങിയ സായുധ നീക്കങ്ങള്‍ ഇന്ന് ആഭ്യന്തരമായ അതിരുകള്‍ ഭേദിച്ച് സങ്കീര്‍ണമായ തലം കൈവരിച്ചിരിക്കുകയാണ്. ഇറാഖില്‍ ശിയാ ഭരണകൂടത്തെ വിറപ്പിച്ച് ആക്രമണം തുടങ്ങിയ ഇസില്‍ തീവ്രവാദികള്‍ അവിടെ നിന്ന് സിറിയയിലേക്ക് നീങ്ങിയിരിക്കുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് എന്നാണ് ഇസില്‍ എന്ന പേരിന്റെ പൂര്‍ണ രൂപമായി അവര്‍ പറയുന്നത്. അതില്‍ ലെവന്ത് സിറിയന്‍ മേഖലയാണ്. സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ കൊബാനെ പോലുള്ള നഗരങ്ങള്‍ ഇസില്‍ നിയന്ത്രണത്തിലായിക്കഴിഞ്ഞു. നേരത്തേ ബശറിനെതിരെ ആയുധമെടുത്ത ഗ്രൂപ്പുകളെല്ലാം കൂടുതല്‍ അക്രമകാരികളായിരിക്കുന്നു. ഒരു കാലത്ത് സിറിയയുടെ സാമ്പത്തിക തലസ്ഥാനമായിരുന്ന അലപ്പോ നഗരത്തിന്റെ ഒരു ഭാഗം വിമതരുടെ കൈയിലാണ്. ദമസ്‌കസിലും ഇത് തന്നെയാണ് സ്ഥിതി. ഇവിടങ്ങളിലെല്ലാം രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ചിലയിടങ്ങളില്‍ ഇസില്‍ സംഘവും ബശറിന്റെ സൈന്യവും തമ്മില്‍. മറ്റു ചിലയിടങ്ങളില്‍ ഇസില്‍ സംഘവും വിമതരും തമ്മില്‍. വേറെയിടങ്ങളില്‍ വിമതരും ബശറിന്റെ സംഘവും തമ്മില്‍. സംഘര്‍ഷഭരിതമല്ലാത്ത ഒരിടവും ഇല്ല. 2011-ല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ 2,06,582 പേര്‍ ഇതിനകം മരിച്ചുവെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ഈയടുത്ത് പുറത്ത് വിട്ട കണക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 76,000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. ഒരു കണക്കിലും പെടാത്ത മനുഷ്യര്‍ വേറെയും. ഒരു ജനത തുടച്ചുനീക്കപ്പെടുകയാണ്. അവരുടെ സാംസ്‌കാരിക ശേഷിപ്പുകള്‍, സ്വത്തുക്കള്‍, സാമൂഹിക, മത സംവിധാനങ്ങള്‍ ഒക്കെ തകര്‍ക്കപ്പെടുന്നു. നിരപരാധരുടെ ജീവിതം ദുരന്തപൂര്‍ണമാകുന്നു.
ലക്ഷക്കണക്കായ മനുഷ്യര്‍ പലായനം ചെയ്തിരിക്കുന്നു. അയല്‍ രാജ്യങ്ങളിലെല്ലാം ഈ അഭയാര്‍ഥി പ്രവാഹം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തുര്‍ക്കിയിലാണ് ഇത് ഏറ്റവും രൂക്ഷം. കഴിഞ്ഞ ദിവസം കാലികളെ കൊണ്ടു പോകുന്ന കപ്പലിലേറി ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ഇന്ധനം തീര്‍ന്ന് അഭയാര്‍ഥികള്‍ കടലില്‍ ഒറ്റപ്പെടുകയും ചെയ്തതിരുന്നു. മറ്റൊരു അഭയാര്‍ഥി കപ്പല്‍ കടലില്‍ കത്തുകയും ചെയ്തു. യു എന്‍ കണക്കനുസരിച്ച് 30 ലക്ഷം സിറിയക്കാരാണ് ലബനാന്‍, തുര്‍ക്കി, ഇറാഖ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം അഭയം തേടിയത്. ഈ പ്രതിസന്ധികളിലും സംഘര്‍ഷങ്ങളിലും പല തലങ്ങളില്‍ ഇടപെട്ടവരെല്ലാം ഇന്ന് പുതിയ ബാന്ധവങ്ങള്‍ സൃഷ്ടിച്ച് മനുഷ്യക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. ബശര്‍ അല്‍ അസദിന് ഇറാനും റഷ്യയും പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ താഴെയിറക്കാന്‍ പരോക്ഷ യുദ്ധം നടത്തിയത് അമേരിക്കയായിരുന്നു. അന്ന് അമേരിക്ക വിതറിയ ആയുധങ്ങളാണ് ഇന്നും വിമത ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നത്. അവര്‍ കൂടുതല്‍ ആയുധത്തിനായി അമേരിക്കയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് അമേരിക്കയുടെ തന്നെ സൃഷ്ടിയായ ഇസില്‍ സംഘം വലിയ ഭീഷണിയായി രംഗപ്രവേശം ചെയ്യുന്നത്. അമേരിക്ക ഇന്നും വിമതരെ ആയുധമണിയിക്കുന്നുണ്ട്. അത് പക്ഷേ ബശര്‍ അല്‍ അസദിനെതിരെ പ്രയോഗിക്കാനല്ല. മറിച്ച് ഇസില്‍ സംഘത്തെ നേരിടാനാണ്. തങ്ങളുടെ പ്രഖ്യാപിത ശത്രുവെന്ന് അമേരിക്ക പറയുന്ന അല്‍ ഖാഇദയെ വരെ ഇന്ന് കൂട്ടുപിടിക്കുന്ന സ്ഥിതിയുണ്ട്.
മറുവശത്ത് ഇറാനും അമേരിക്കയും തമ്മില്‍ തികച്ചും പുതിയ ഒരു സൗഹൃദം രൂപപ്പെടുകയാണ്. സുന്നി- ശിയാ വംശീയതയില്‍ ശിയാ പക്ഷം ചേരുന്നതിന്റെ ഭാഗമാണ് ഇത്. ബശര്‍ അല്‍ അസദിനെതിരായ നീക്കം അമേരിക്ക മയപ്പെടുത്തുന്നു. ഇസില്‍ വേട്ടക്കാണ് അവര്‍ ഇന്ന് സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്. ഈ പക്ഷം ചേരല്‍ അറബ് മേഖലയിലാകെ ചില ആശങ്കകള്‍ പടര്‍ത്തുന്നുണ്ട്. ഇറാന്റെ ശാക്തീകരണത്തെ പേടിയോടെ കാണുന്ന മേഖലയിലെ സഊദി അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ ഇറാന്‍ ബന്ധത്തെ സംശയത്തോടെയാണ് കാണുന്നത്. ഈ ഭീതി പോലും തങ്ങളുടെ പെട്രോ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തന്ത്രമായാണ് യു എസ് ഉപയോഗിക്കുന്നത്. സിറിയന്‍ സര്‍ക്കാറിനോടുള്ള യു എസിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ റഷ്യയുടെ സ്വാധീനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെയും ഇസില്‍ സംഘത്തിന്റെയും യു എസിന്റെയും വിമതരുടെയും ആക്രമണങ്ങളുടെ കെടുതികള്‍ അനുഭവിക്കുകയാണ് സിറിയയിലെ സാധാരണ മനുഷ്യര്‍. ഈ ബാന്ധവങ്ങളിലും നീക്കുപോക്കുകളിലും ഒന്നും അവര്‍ക്ക് പങ്കാളിത്തമില്ല. അവരുടെ കുറ്റം കൊണ്ടല്ല ഈ പ്രതിസന്ധികള്‍ രൂപപ്പെട്ടത്. അവര്‍ ഇരകള്‍ മാത്രമാണ്. അധികാര സംരക്ഷണത്തിനായി ഏതറ്റം വരെയും പോകാന്‍ കച്ചകെട്ടിയിറങ്ങിയ ബശര്‍ അല്‍ അസദും തരാതരം കളം മാറ്റിച്ചവിട്ടി മരണവ്യാപാരം നടത്തുന്ന അമേരിക്കന്‍ സഖ്യവും ഈ മനുഷ്യരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഓര്‍ക്കണം. യു എന്‍ പോലുള്ള സംവിധാനങ്ങള്‍ മരിച്ചിട്ടില്ലെന്ന് തെളിയാക്കാനെങ്കിലും ഒന്ന് ഇടപെടണം. മനുഷ്യരെ കൊന്നുതള്ളി “ഖിലാഫത്ത്” സ്ഥാപിക്കാന്‍ നടക്കുന്ന ഇസില്‍ സംഘം യഥാര്‍ഥത്തില്‍ മതമൂല്യങ്ങളുടെ ഘാതകരാണ്. അവര്‍ ആരുടെ കരുക്കളാണ് എന്ന് കാലം തെളിയിക്കും. വംശീയതയുടെ പേരില്‍ പിന്തുണക്കുന്നവര്‍ ഒന്നടങ്കം അവരെ കൈയൊഴിഞ്ഞാല്‍ മാത്രം മതി പുറത്ത് നിന്നുള്ള ആരുടെയും ഇടപെടല്‍ കൂടാതെ അവരെ തകര്‍ക്കാന്‍ സാധിക്കും.

Latest