Connect with us

Kasargod

പ്രവാചക പ്രകീര്‍ത്തനങ്ങളോതി നാടെങ്ങും നബിദിനാഘോഷം

Published

|

Last Updated

കാസര്‍കോട്: പ്രവാചക സ്മരണ പുതുക്കി നാടെങ്ങും നബിദിനം ആഘോഷിച്ചു. ജില്ലയുടെ പല ഭാഗത്തും വര്‍ണശബളമായ ഘോഷയാത്രകളാണ് ഒരുക്കിയത്. സ്‌കൗട്ടിന്റെയും ദഫ്മുട്ടിന്റെയും കോല്‍ക്കളിയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര പൊലിമ പകര്‍ന്നു. ഘോഷയാത്രയില്‍ മദ്‌റസാ വിദ്യാര്‍ഥികളും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.
വഴിയോരങ്ങളിലും റോഡരികുകളിലും പള്ളി-മദ്‌റസാ പരിസരങ്ങളിലും നടത്തിയ മധുരപലഹാര-ശീതള പാനീയ വിതരണവും സ്‌നേഹാശംസകള്‍ കൈമാറലും ജാതി മ-ഭേദമന്യേയുള്ള സൗഹാര്‍ദാന്തരീക്ഷവും സ്‌നേഹബന്ധങ്ങളും വളര്‍ത്തുന്നതായി. മുത്തുനബിയുടെ പിറവി ഈ ലോകത്തിന് സമ്മാനിച്ച സന്ദേശം ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍ വിളിച്ചുപറഞ്ഞു.
തളങ്കര ദീനാര്‍ നഗറില്‍ സംഘടിപ്പിച്ച നബിദിനാഘോഷം ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നബിദിനഘോഷയാത്ര സംഘടിപ്പിച്ചു.
നെല്ലിക്കുന്ന് ഭാഗങ്ങളിലെ വിവിധ മദ്‌റസയിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത റാലി നഗരത്തിനു ശോഭ പകര്‍ന്നു. തായലങ്ങാടി അല്‍ മദ്‌റസത്തുദ്ദീനിയ്യ മദ്‌റസ വിദ്യാര്‍ഥികളും ഉസ്താദുമാരും ഘോഷയാത്രയില്‍ അണിനിരന്നു.
മുഹിമ്മാത്തിന്റെ ആഭിമുഖ്യത്തില്‍ മീലാദ് റാലി സംഘടിപ്പിച്ചു. മുഹിമ്മാത്ത്ക്യാമ്പസില്‍ നിന്ന് തുടങ്ങി കട്ടത്തടുക്ക-സീതാംഗോളി വരെ തൂവെളള വസ്തരമണിഞ്ഞ് നൂറുകണക്കിനു പണ്ഡിതരും ആയിരത്തിലേറെ വിദ്യാര്‍ഥികളും നാട്ടുകാരും ഒന്നിച്ചണിനിരന്ന മീലാദ് റാലി പ്രൗഢമായി.
മീലാദിന്റെ ഈരടികളും ബൈത്തും സ്വലാത്തുമായി നീങ്ങിയ റാലിയില്‍ പിഞ്ചു വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് പ്രദര്‍ശനങ്ങളും ശ്രദ്ധ പിടിച്ചുപറ്റി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖാം സിയാറത്തോടെയാണ് റാലി ആരംഭിച്ചത്.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ന്നുര്‍, ഇബ്‌റാഹിം സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉദുമ പാക്യാര ഇനാറത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ നബിദിന റാലിക്ക് പള്ളത്തില്‍ മുഹമ്മദ്കുഞ്ഞി ഹാജി, കെ കെ അബ്ദുല്‍ ബശീര്‍, ഉസ്മാന്‍ ഫൈസി, അലവി മൗലവി, റഫീഖ് അര്‍ഷദി നേതൃത്വം നല്‍കി.

Latest