Connect with us

Wayanad

സിപി എം വയനാട് ജില്ലാ സമ്മേളനം സമാപിച്ചു; സി കെ ശശീന്ദ്രനെ വീണ്ടും സെക്രട്ടരി

Published

|

Last Updated

മാനന്തവാടി: സിപി എം വയനാട് ജില്ല സെക്രട്ടരിയായി സി കെ ശശീന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. ജില്ല സമ്മേളനം തിരഞ്ഞെടുത്ത 25 അംഗ ജില്ല കമ്മറ്റിയുടെ ആദ്യ യോഗമാണ് സെക്രട്ടരിയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പി എ മുഹമ്മദ് അധ്യക്ഷനായിരുന്നു. ഇത് മൂന്നാം തവണയാണ് ശശീന്ദ്രന്‍ ജില്ല സെക്രട്ടരിയാകുന്നത്. ജില്ല കമ്മറ്റി തെരഞ്ഞെടുപ്പും സെക്രട്ടരി തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു. സി യു ഏലമ്മ, കെ എന്‍ സുബ്രഹ്മണ്യന്‍,പി ജെ ആന്റണി എന്നിവരെയും സംസ്ഥാന കമ്മറ്റി അംഗമായതിനാല്‍ പി എ മുഹമ്മദിനെയും ജില്ല കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി.
അഞ്ച് പേരെ പുതുതായി ജില്ല കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കിയാണ് പുതിയ കമ്മറ്റി എന്നതും ശ്രദ്ധേയമാണ്. മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അംഗവും വാകേരി ലോക്കല്‍ കമ്മറ്റി അംഗവുമായ രുക്മിണി സുബ്രഹ്മണ്യന്‍, കെഎസ്‌കെടിയു ജില്ല സെക്രട്ടരി സുരേഷ് താളൂര്‍, ആദിവാസി ക്ഷേമസമിതി ജില്ല സെക്രട്ടരി പി വാസുദേവന്‍, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റും സംസ്ഥാന സെക്രട്ടരിയറ്റംഗവുമായ കെ ഷമീര്‍, എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം കെ റഫീഖ് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങള്‍. ഇവരെ കൂടാതെ നിലവിലെ അംഗങ്ങളായ കെ വി മോഹനന്‍, സി ഭാസ്‌കരന്‍,എം വേലായുധന്‍, എ എന്‍ പ്രഭാകരന്‍, വി ഉഷാകുമാരി, പി ഗഗാറിന്‍,എം സെയ്ത്, വി പി ശങ്കരന്‍ നമ്പ്യാര്‍, എം ഡി സെബാസ്റ്റിയന്‍, എം മധു, കെ സി കുഞ്ഞിരാമന്‍, പി കെ സുരേഷ്, പി വി സഹദേവന്‍, പി എസ് ജനാര്‍ദനന്‍, ടി ബി സുരേഷ്, വി വി ബേബി, കെ ശശാങ്കന്‍, സി കെ സഹദേവന്‍, പി കൃഷ്ണപ്രസാദ് എന്നിവരുള്‍പ്പെട്ടതാണ് 25 പുതിയ ജില്ല കമ്മറ്റി. സംസ്ഥാന സമ്മേളന പ്രതിനിധികളായി 10 പേരെയും സമ്മേളനം തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി കെ ശശീന്ദ്രന്‍ (54) വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയുടെ ജില്ലാഭാരവാഹിയായിരുന്നു. 2007 ല്‍ പനമരത്തു നടന്ന ജില്ലാസമ്മേളനത്തിലാണ് ആദ്യമായി പാര്‍ടി ജില്ലാസെക്രട്ടറിയാകുന്നത്. ജില്ലയിലെ ആദിവാസി- ഭൂസമരങ്ങളുടെ നായകനായ സി കെ ശശീന്ദ്രന്‍ അവരുടെ ജീവിതപ്രശ്‌നങ്ങളെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്കാണ് വഹിച്ചത്.
മാനന്തവാടി ഇ കെ നായനാര്‍ സ്മാരക ഹാളിലെ പി കുഞ്ഞിക്കണ്ണന്‍ നഗറില്‍ നടന്ന സമ്മേളനത്തിന്റെ സമാപനദിവസം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടരിയറ്റംഗങ്ങളായ വി വി ദക്ഷിണമൂര്‍ത്തി, എം വി ഗോവിന്ദന്‍, എന്നിവര്‍ പ്രതിനിധികളെ അഭിവാദ്യംചെയ്തു. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, എന്നിവര്‍ സംബന്ധിച്ചു. ടി ബി സുരേഷ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി വി സഹദേവന്‍ നന്ദി പറഞ്ഞു. വിവിധ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Latest